പെരുമ്പാവൂർ: പുഴയിൽ കുളിക്കാനിറങ്ങിയ യുവതി കാൽ വഴുതി 20 അടി താഴ്ച്ചയുള്ള കയത്തിൽ അകപ്പെട്ട് മുങ്ങി മരിച്ചു.
കൂവപ്പടി ആലാട്ടുചിറ അഭയാരണ്യത്തിനുസമീപം പെരിയാറിൻ്റെ കൈവരിയായ ചെട്ടിനട പനങ്കുരുത്തോട്ടം പുഴയിൽ കുളിക്കാനിറങ്ങിയ ചെങ്ങന്നൂർ എടനാട് മായാലിൽ തുണ്ടിയിൽ വീട്ടിൽ തോമസിൻ്റെ മകൾ ജോമോൾ (25) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നരയോടെ നാലു കൂട്ടുകാരികളുമൊത്ത് കുളിക്കാനിറങ്ങിയ ജോമോൾ കുളി കഴിഞ്ഞ് കരക്കു കയറിയ ശേഷം ഒന്നൂകൂടി വെള്ളത്തിൽ ഇറങ്ങാം എന്നു പറഞ്ഞ് മൂന്നു കൂട്ടുകാരികൾക്കൊപ്പം വീണ്ടും പുഴയിൽ ഇറങ്ങുകയായിരുന്നു. അതിനിടെയാണ് കാലുതെറ്റി കയത്തിൽ അകപ്പെട്ടത്. കൂട്ടുകാരികൾ ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. പെരുമ്പാവൂരിൽ നിന്നുമെത്തിയ ഫയർഫോഴ്സും കോടനാട് പൊലീസും കോതമംഗലത്തുനിന്നും എത്തിയ സ്കൂബ ടീമും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി ജോമോളെ മുങ്ങിയെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബംഗളൂരുവിൽ ഒരുമിച്ചു ജോലി ചെയ്യുന്ന കൂട്ടുകാരി സ്വാതിയുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കുവാനായി രണ്ടു ദിവസം മുമ്പാണ് ജോമോളും മറ്റു മൂന്നു കൂട്ടുകാരികളും ആലാട്ടുചിറ നെടുമ്പിള്ളിൽ വീട്ടിൽ അജിത് കുമാറിൻ്റെ വീട്ടിലെത്തിയത്. അജിത്ത് കുമാറിൻ്റെ മകളാണ് സ്വാതി.
സംസ്കാരം പിന്നീട്. മാതാവ്: എലിസബത്ത്, സഹോദരൻ: ജോയൽ.
പെരുമ്പാവൂർ ഫയർ സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ പി.എൻ. സുബ്രഹ്മണ്യൻ, പി.എസ് ഉമേഷ് , സുധീർ, പി.എം.ഷാജു, ജോസഫ്., പി എസ് ഉഷ , എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.