കൊച്ചി: പഞ്ചിംഗ് മെഷീൻ പുന:സ്ഥാപിക്കാനുള്ള ഓംബുഡ്സ്മാന്റെ നിർദ്ദേശം മാസങ്ങൾ പിന്നിട്ടിട്ടും കൊച്ചി കോർപ്പറേഷനിൽ നടപ്പിലാക്കിയില്ല. 2011- 12 കാലഘട്ടത്തിൽ കോർപ്പറേഷനിൽ സ്ഥാപിച്ച പഞ്ചിംഗ് മെഷീൻ വെറും ഏഴുദിവസം മാത്രമാണ് ഉപയോഗിച്ചത്.

മെഷീൻ കേടായതിനാലാണ് ഉപയോഗിക്കാത്തതെന്ന് കോ‌ർപ്പറേഷൻ പറയുന്നുണ്ടെങ്കിലും വർഷങ്ങളായി ഇത് നന്നാക്കാനുള്ള നടപടി അധികൃതർ സ്വീകരിച്ചിട്ടില്ല. കെൽട്രോണിന് അടിയന്തരമായി നോട്ടീസ് നൽകി പഞ്ചിംഗ് മെഷീൻ പ്രവർത്തനക്ഷമമാക്കണമെന്നായിരുന്നു സെക്രട്ടറിക്ക് ഓംബുഡ്സ്മാന്റെ ഉത്തരവ്. ഇത് നടപ്പാക്കാത്ത നടപടി കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി വീണ്ടും വിവരാവകാശ പ്രവർത്തകനായ ചെഷയർ ടാർസൺ ഓംബുഡ്സ്മാന് പരാതി നൽകി.

മെഷീൻ പ്രവർത്തനം മന:പ്പൂർവം തകരാറിലാക്കിയതാണെന്ന് ചെഷയർ ആരോപിച്ചു. പഞ്ചിംഗ് മെഷീൻ നാലാഴ്ചയ്ക്കകകം പുനസ്ഥാപിക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരി 19നാണ് തദ്ദേശ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉത്തരവിട്ടത്. സംഭവത്തിൽ വിജിലൻസിന് പരാതി നൽകുമെന്നും ചെഷയർ പറഞ്ഞു.

 വൈകിയെത്തുക പതിവ്

പ്യൂൺ തസ്തികയിൽ ഉള്ളവർ രാവിലെ 9.30നും മറ്റുള്ളവർ 10.15നും ഓഫീസിൽ എത്തണമെന്നാണ് നിയമം. എന്നാൽ ഓഫീസിലെ ജീവനക്കാരിൽ പലരും ജില്ലയ്ക്ക് പുറത്തുള്ളവരാണ്. ഉച്ചയ്ക്ക് ശേഷം ഓഫീസിൽ എത്തില്ലെന്ന് ചെഷയർ പറഞ്ഞു.

പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയാൽ ഇവർ ഓഫീസിൽ എത്താത്തത് ലീവായി മാറും.

മൂന്നുദിവസം താമസിച്ചെത്തിയാൽ അത് ഒരു ലീവായി മാറും. ഇതുമൂലം മന:പ്പൂർവമാണ് പഞ്ചിംഗ് മെഷീൻ സ്ഥാപിക്കാത്തതെന്നും ചെഷയർ ആരോപിച്ചു.

കോടതി ചോദ്യം ചെയ്തപ്പോൾ പുതിയ ഓഫീസിൽ സ്ഥാപിക്കാമെന്നായിരുന്നു സൂപ്രണ്ടിന്റെ മറുപടി. എന്നാൽ അത് നടക്കില്ലെന്നും എത്രയും വേഗം മെഷീൻ സ്ഥാപിക്കണമെന്നും കോ‌ടതി കോ‌ർപ്പറേഷനെ അറിയിച്ചു.

മെഷീൻ വാങ്ങിയതിൽ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ട്. മെഷീൻ മന:പ്പൂർവം തകരാറിലാക്കിയതാണ്. സംഭവത്തിൽ മേയ് ആദ്യവാരം വിജിലൻസിൽ പരാതി നൽകും

ചെഷയർ ടാർസൺ

വിവരാവകാശ പ്രവർത്തകൻ