പെരുമ്പാവൂർ: കുഞ്ഞുനാൾ മുതൽ ആടിനെ എനിക്ക് അത്രമേൽ ഇഷ്ടമാണ്. എന്റെ സന്തോഷക്കണ്ണീരും സങ്കടഹർജികളും ഞാൻ കുഞ്ഞാടുകളെ എടുത്ത് മാറോട് ചേർത്ത് പങ്കുവയ്ക്കും. അവയില്ലാത്ത ഒരു ലോകത്തെ കുറിച്ച് സങ്കല്പിക്കാനാവില്ല" കേരള ചിത്രകല പരിഷത്ത് പെരുമ്പാവൂർ നാഗ‍ഞ്ചേരി മനയിൽ സംഘടിപ്പിച്ച ദ്വിദിന ടെറാക്കോട്ട ക്യാമ്പ് കാവിടം രണ്ടാം ഭാഗത്തിൽ താൻ രചിച്ച ശില്പ സൃഷ്ടിയെകുറിച്ച് അദ്ധ്യാപിക കൂടിയായ സുശീല മാത്യു എന്ന കലാകാരിക്ക് പറയാനുള്ളത് ഇതാണ്. ഇത്തരത്തിൽ നിരവധി ശില്‌പ സൃഷ്ടികളാണ് കാവിടം രണ്ടിൽ രചിക്കപ്പെട്ടത്. ഉയർന്ന പദവിയിലുള്ള ജോലി, നിന്നു തിരിയാൻ ഇടമില്ലാത്ത വിധം തിരക്കിലായിരുന്നിട്ടു കൂടി ഉമാവെങ്കടേശൻ (പ്രിൻസിപ്പൽ കമ്മീഷണർ ഓഫ് ഇൻകം ടാക്സ്, സെൻട്രൽ കൊച്ചി) കാവിടത്തിൽ രണ്ട് ദിനങ്ങൾ കൊണ്ട് സൃഷ്ടിച്ചത് മനോഹരമായ ബുദ്ധശില്പമാണ്. താൻ നിർമ്മിച്ച കലാസൃഷ്ടിക്ക് 'ബുദ്ധൻ ശരണം" എന്ന് നാമകരണവും ചെയ്തു. കാവിടം ഒന്നും രണ്ടും ക്യാമ്പുകളുടെ കൺവീനർ കൂടിയായ പി.പി. രാജേന്ദ്രൻ കർത്ത നാഗഞ്ചേരി മന എന്ന പേരിൽ നിന്നും തന്നെ പ്രചോദനം ഉൾക്കൊണ്ട് ചെയ്ത സൃഷ്ടി ഫണം വിടർത്തിനിൽക്കുന്ന വലിയ ഒരു നാഗത്തെയാണ്. ഗണപതി, ബാലഗോപാലൻ, ഫ്രണ്ട്സ്, അമ്മയും കുഞ്ഞും, സ്നേഹം, സാന്ത്വനം, ലേഡി ഫെയ്സ്, പശു തുടങ്ങി നിരവധി ശില്പങ്ങൾ രണ്ട് ദിനം നീണ്ട ക്യാമ്പിൽ രൂപപ്പെട്ടു. പരിഷത്തിന്റെ എറണാകുളം ജില്ലാ പ്രസിഡന്റ് ശാലിനി. ബി. മേനോൻ, സെക്രട്ടറി ആശ ലൈല തുടങ്ങിയവരുംക്യാമ്പിൽ പങ്കെടുത്ത് സൃഷ്ടികൾ നടത്തി.

സൃഷ്ടികൾ കാണുന്നനായി പ്രമുഖർ ഉൾപ്പെടെയുള്ളവർ ഇരിങ്ങോൾ നാഗഞ്ചേരി മന സന്ദർശിച്ചു. പ്രശസ്ത ശില്പിയും കോളേജ് ഓഫ് ഫൈനാർട്ട്സ് മുൻ എച്ച്.ഒ.ഡി യുമായ പ്രൊഫസർ കേശവൻകുട്ടി ക്യാമ്പ് സൈറ്റ് സന്ദർശിച്ചത് കലാകാരൻന്മാർക്ക് വലിയ പ്രചോദനമായി. വർഷങ്ങൾക്ക് മുമ്പ് കേരള ലളിതകല അക്കാദമി ഇവിടെ ഒരു ടെറാകോട്ട ക്യാമ്പ് സംഘടിപ്പിച്ചപ്പോൾ അതിന്റെ ഡയറക്ടർ പ്രൊഫ. കേശവൻകുട്ടിയായിയിരുന്നു. അന്നത്തെ അനുഭവങ്ങൾ ശില്‌പികളുമായി അദ്ദേഹം പങ്കുവച്ചു.