കൊച്ചി: സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പ്രമേയം അവതരിപ്പിച്ചു.
കോർപ്പറേഷനിലെ ജീവനക്കാരായ സ്ത്രീകൾക്ക് പോലും സുരക്ഷിതത്വം ഉറപ്പാക്കാനാകാത്തത് ലജ്ജാകരമാണെന്നും ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കോർപ്പറേഷനിൽ ആഭ്യന്തര പരാതി സമിതി (ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റി) രൂപീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
കൊച്ചി നഗരസഭാ പള്ളുരുത്തി സോണൽ ഓഫീസിൽ റവന്യൂ വിഭാഗത്തിലെ സ്ത്രീകൾക്കു നേരെയാണ് കഴിഞ്ഞ ദിവസം അതിക്രമമുണ്ടായത്. സുപ്രീംകോടതി വിധിപ്രകാരം ആഭ്യന്തര പരാതി സമിതികൾ രൂപീകരിക്കണമെന്ന് നിയമമുണ്ടായിട്ടും ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്ന കൊച്ചി നഗരസഭയിൽ ഇത്തരം സമിതികൾ രൂപീകരിക്കാത്തത് നഗരസഭയുടെ വീഴ്ചയാണെന്ന് ആന്റണി കുരീത്തറയും യു.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്‌റ്റോട്ടിലും ആരോപിച്ചു. നഗരസഭാ കൗൺസിലർ ശൈല തദേവോസ് പ്രമേയം പിന്താങ്ങി.