കൊച്ചി: മൂന്നാർ ജനവാസ മേഖലയിൽ ശല്യക്കാരനായ പടയപ്പ എന്ന കാട്ടാനയെ പിടികൂടി മാറ്റിയാൽ മറ്റൊരു ആന അവിടേക്ക് വന്നേക്കുമെന്നും അത്തരത്തിലല്ല പ്രശ്നപരിഹാരമുണ്ടാക്കേണ്ടതെന്നും ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി. മൂന്നാറിൽ മാലിന്യം കൂട്ടിയിടുന്നതിനാണ് പരിഹാരം കാണേണ്ടത്. ആനകൾക്ക് ഭക്ഷണം ഉറപ്പാക്കാൻ ആനത്താരകൾ പുന:സ്ഥാപിക്കണമെന്നും നിർദ്ദേശിക്കുന്ന റിപ്പോർട്ട് അടുത്ത ദിവസം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
പ്രശ്നക്കാരായ ആനകളെ നിരീക്ഷിക്കണം. കടകളും മറ്റും ആക്രമിക്കുന്നതിന്റെ പേരിൽ അവയെ പിടികൂടരുത്. അനധികൃത കടകൾ ഒഴിവാക്കണം. മാലിന്യം ശരിയായവിധം സംസ്‌കരിക്കാൻ കഴിയുന്ന സ്ഥലത്ത് കടകൾ മാറ്റി സ്ഥാപിക്കണം. കല്ലാറിൽ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് വൈദ്യുത വേലി സ്ഥാപിക്കണം.
രാജമല, മാട്ടുപ്പെട്ടി, ഇക്കോ പോയിന്റ് എന്നിവിടങ്ങളിലെ മാലിന്യം നീക്കം ചെയ്യാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകണം. മൂന്നാറിലെ ഹോട്ടലുകളും റിസോർട്ടുകളും ഹോം സ്റ്റേകളും മാലിന്യം ഫലപ്രദമായി സംസ്‌കരിക്കുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉറപ്പാക്കണം.
റിപ്പോർട്ടിൽ നിന്ന്
* ആനയിറങ്കലും പഴയ ദേവികുളവുമായുള്ള ബന്ധം പുന:സ്ഥാപിക്കാൻ ആനത്താര സ്ഥാപിക്കണം. 60 ഏക്കർ ഷോലയിലൂടെ ആനത്താര പുന:സ്ഥാപിക്കാം. സ്റ്റെർളിംഗ് റിസോർട്ട് ക്ലബ് മഹീന്ദ്ര റിസോർട്ട് എന്നിവയുടെ കുറച്ചു ഭാഗങ്ങളും ഇതിനായി ഉപയോഗിക്കേണ്ടിവരും. ദേവികുളത്ത് 4500 ഏക്കറോളം സ്ഥലം ആനകൾക്ക് ലഭിക്കും.
* ആനയിറങ്കലിൽ നിന്ന് സൂര്യനെല്ലി, ഗുണ്ടുമല വഴി സൈലന്റ് വാലിയിലേക്ക് പോകുന്നതിനുള്ള തടസം നീക്കണം.
*301 ഏക്കർ, 80 ഏക്കർ കോളനിവാസികളെ പുനരധിവസിപ്പിക്കണം.
* റേഷൻ കടകൾക്ക് സോളാർ ഫെൻസിംഗ് ഏർപ്പെടുത്തണം.
* റേഷൻ കടകൾ വനമേഖലയിൽ നിന്ന് മാറ്റി സ്ഥാപിക്കണം
* ആനകളെ പ്രകോപിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കണം.
* ഉൾറോഡിലൂടെ വിനോദ യാത്രക്കാരുടെ രാത്രികാല സഞ്ചാരം വിലക്കണം.
* താമസ സ്ഥലത്തേക്ക് വിനോദയാത്രികർ വൈകിട്ട് ഏഴ് മണിക്കുളളിൽ എത്തണം
* സൂര്യനെല്ലി-കൊളുക്കുമല ഓഫ് റോഡ് ഡ്രൈവിംഗിന്റെ പ്രത്യാഘാതം പഠിക്കണം.
* ചിന്നക്കനാലിനെയും മതികെട്ടാൻ ചോലയെയും ബന്ധിപ്പിക്കാൻ മേൽപ്പാതയും അടിപ്പാതയും നിർമ്മിക്കുന്നതിനായി ദേശീയപാത അതോറിറ്റി വനം വകുപ്പിന് ആറ് കോടി രൂപ കൈമാറിയിരുന്നെങ്കിലും ഉപയോഗിച്ചിട്ടില്ല. ചിന്നക്കനാലിനെ മൂന്നാർ മേഖലയുമായി ബന്ധിപ്പിക്കാൻ ഈ തുക ഉപയോഗിക്കാം.