chinmaya1
ചിന്മയ ശങ്കരം

സ്വാമി ചിന്മയാനന്ദൻ, ആദിശങ്കരാചാര്യ ജയന്തിആഘോഷങ്ങൾ

കൊച്ചി: സ്വാമി ചിന്മയാനന്ദന്റെ നൂറ്റിയെട്ടാം ജയന്തിയും ആദിശങ്കരാചാര്യരുടെ ജയന്തിയും ആഘോഷിക്കുന്നതിന്റെ ഭാഗമായി ആഗോള ചിന്മയ മിഷൻ സംഘടിപ്പിക്കുന്ന ചിന്മയശങ്കരം 2024 ഈ മാസം എട്ടിന് എറണാകുളത്തപ്പൻ മൈതാനിയിൽ ആരംഭിക്കും.

വൈകിട്ട് 6.30ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള തിരിതെളിയിക്കും. സ്വാമി തേജോമയാനന്ദ, ചിന്മയ മിഷൻ ആഗോള മേധാവി സ്വാമി സ്വരൂപാനന്ദ സരസ്വതി, ചിന്മയ മിഷൻ കേരള അദ്ധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി തുടങ്ങിയവർ പങ്കെടുക്കും.

അഞ്ചുദിവസം നീളുന്ന പരിപാടിയിൽ ചിന്മയ മിഷനിലെ ആചാര്യന്മാർക്കൊപ്പം സാമൂഹിക, രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. പ്രഭാഷണങ്ങൾ, ഭഗവത്ഗീത, സൗന്ദര്യലഹരി പാരായണം തുടങ്ങിയവയുണ്ടാകും. ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ, സുപ്രീം കോടതി അഭിഭാഷകൻ സായി ദീപക് തുടങ്ങിയവർ പങ്കെടുക്കുമെന്ന് സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു.

ചിന്മയ ശങ്കരത്തിന്റെ പന്തൽ കാൽനാട്ട് ഇന്ന് ( ബുധൻ) രാവിലെ എറണാകുളത്തപ്പൻ മൈതാനിയിൽ നടക്കും. ചിന്മയ മിഷൻ എറണാകുളം പ്രസിഡന്റ് കെ.എസ് വിജയകുമാർ, സി.എം. ഇ സിറ്റി ട്രസ്റ്റി ലീലാ രാമമൂർത്തി, ചിന്മയ ശങ്കരം സംഘാടകസമിതി അംഗം എം. ഉണ്ണികൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സന്യാസി സംഗമം 9ന്

ചിന്മയ ശങ്കരം 2024ന്റെ ഭാഗമായി സന്യാസി സംഗമം സംഘടിപ്പിക്കും. വിവിധ സന്യാസി പരമ്പരകളിലെ 108 സന്യാസിമാർ പങ്കെടുക്കും. രണ്ടാം ദിവസം രാവിലെ 11 മുതൽ 12.30 വരെയാണ് ആചാര്യസംഗമവും യതിപൂജയും നടക്കുന്നത്. എറണാകുളത്തപ്പൻ മൈതാനിയിലെ വേദിയിലാണ് ചടങ്ങ്.

രഥയാത്ര നാലിന്

ചിന്മയ ശങ്കരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രഥയാത്ര നാലിന് വെളിയനാട് ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിൽ നിന്ന് ആരംഭിക്കും. പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് രഥയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലയിൽ പര്യടനം നടത്തുന്ന യാത്ര എട്ടിന് എറണാകുളത്തപ്പൻ മൈതാനിയിൽ എത്തിച്ചേരും.

ഓണക്കൂർ ക്യാമ്പസ് ഉദ്ഘാടനം

ശങ്കരാചാര്യരുടെ ജയന്തി ദിനമായ 12ന് ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ ഓണക്കൂറിലെ ക്യാമ്പസ് സമുച്ചയം ഉദ്ഘാടനം ചെയ്യും. അക്കാഡമിക് ബ്ലോക്ക്, ഹോസ്റ്റൽ കെട്ടിടങ്ങൾ, അന്നക്ഷേത്ര (കാന്റീൻ) എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. സ്വാമി തേജോമയാനന്ദ, സ്വാമി സ്വരൂപാനന്ദ സരസ്വതി, സ്വാമി വിവിക്താനന്ദ സരസ്വതി തുടങ്ങിയവർ പങ്കെടുക്കും.

ചിന്മയ മിഷൻ കേരളത്തിൽ

കേന്ദ്രങ്ങൾ 29

സ്‌കൂളുകൾ 27

കോളേജുകൾ 7

സർവകലാശാല 1