kavu

കൊച്ചി: ജൈവവൈവിദ്ധ്യ കലവറയും ആചാരാനുഷ്ഠാന കേന്ദ്രങ്ങളുമായ സർപ്പക്കാവുകളുടെ സംരക്ഷണത്തിന് ഹൈക്കോടതി നൽകിയ ഉത്തരവ് സർക്കാർ സംവിധാനങ്ങൾ കാറ്റിൽപ്പറത്തി. കാവുസംരക്ഷണത്തിന് കോടതി നിർദ്ദേശപ്രകാരം തദ്ദേശസ്ഥാപനങ്ങൾ രൂപീകരിച്ച ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി നിർജ്ജീവമാണെന്നും ജൈവവൈവിദ്ധ്യ രജിസ്റ്റർ അപൂർണമാണെന്നും വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു.

കാവുകളുടെ പട്ടിക തയ്യാറാക്കി പൈതൃകമേഖലയായി പ്രഖ്യാപിച്ച് സംരക്ഷിക്കണമെന്നാണ് 2022 ഒക്ടോബർ 11ന് ഹൈക്കോടതി നിർദ്ദേശിച്ചത്. നഷ്ടമുണ്ടാകുന്ന ഭൂവുടമകൾക്ക് പരിഹാരം നൽകണം. മൂന്നുമാസത്തിനകം നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മിക്ക തദ്ദേശസ്ഥാപനങ്ങളിലും കമ്മിറ്റി കൂടാറില്ല. തൃക്കാക്കര നഗരസഭയിൽ ബയോഡൈവേഴ്സിറ്റി കമ്മിറ്റി ചേ‌ർന്നിട്ട് ഒരു വർഷത്തിലേറെയായി.

മലബാർ ദേവസ്വം ബോർഡിന് കീഴിൽ 21 കാവുകളുണ്ടെന്ന് അറിയിച്ചപ്പോൾ കൊച്ചി, തിരുവിതാംകൂർ ബോർഡുകൾ കണക്കുകൾ നൽകിയില്ല. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ പുരോഗതി അറിയാൻ ഹർജിക്കാരായ അഖിലകേരള സർപ്പക്കാവ് സംരക്ഷണസമിതി നടത്തിയ അന്വേഷണത്തിലാണ് വെളിപ്പെടുത്തൽ.

അതേസമയം സംസ്ഥാനത്ത് വനംവകുപ്പ് ഗ്രാന്റ് നൽകി സംരക്ഷിക്കുന്ന 648 കാവുകളുണ്ട്. ത‌‌ദ്ദേശസ്ഥാപനങ്ങളുടെ അറിവോടെയാണ് കാവുകളുടെ കണക്കെടുത്തത്.

കണക്കിലെ കള്ളക്കളി

ഇതിനോടകം 88 കാവുകളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് രേഖകൾ വ്യക്തമാക്കുന്നു. നിയമസഭാ പരിസ്ഥിതി സമിതിയുടെ 2021-23 വർഷത്തെ റിപ്പോർട്ട് പ്രകാരം എട്ടു ജില്ലകളിലെ പഠനത്തിൽ 7840 കാവുകൾ കണ്ടെത്തിയിരുന്നു. ശേഷിക്കുന്ന ജില്ലകൾ കൂടിയെടുക്കുമ്പോൾ, നീർത്തടങ്ങളുടെ തണലും ജൈവകലവറയുമായ സർപ്പക്കാവുകളുടെ യഥാർത്ഥ എണ്ണം പതിനായിരത്തിലധികമാകും. അപ്പോൾ 88 കാവുകൾ മാത്രമെന്ന ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയുടെ കണക്ക് ഒളിച്ചുകളിയാണെന്നാണ് ആക്ഷേപം.

കാവുകളുടെ സംരക്ഷണത്തിനുള്ള ഉത്തരവ് നടപ്പാക്കാത്ത സർക്കാരിനെതിരേ വീണ്ടും ഹൈക്കോടതിയെ സമീപിക്കും. തത്പര കക്ഷികൾക്കു വേണ്ടി കാവുകളും ബന്ധപ്പെട്ട ആചാരങ്ങളും ഇല്ലാതാക്കാനാണ് നീക്കം. കാവുകൾ ജൈവവേലി കെട്ടി സംരക്ഷിക്കണം. അന്യാധീനപ്പെട്ട കാവുകൾ സർക്കാർ വീണ്ടെടുക്കണം. വിദഗ്ദ്ധരടങ്ങിയ അതോറിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെടും.

വിശ്വം കുത്തുപാറ

ജനറൽ സെക്രട്ടറി

സർപ്പക്കാവ് സംരക്ഷണ സമിതി

കാവുകളിൽ കാണാവുന്നത്

വൃക്ഷ ഇനങ്ങൾ - 92

ഔഷധ, കുറ്റിച്ചെടികൾ - 144

പക്ഷി ഇനങ്ങൾ - 111

(അവലംബം: നിയമസഭാ സമിതി റിപ്പോർട്ട്)