
കൊച്ചി: മലയാളികളുടെ സ്വർണാഭരണപ്രേമമാണ് കുപ്രസിദ്ധ മോഷ്ടാക്കളെ കേരളത്തിലേക്ക് ആകർഷിക്കുന്നതെന്ന് പൊലീസ് വിലയിരുത്തൽ. സ്വർണവില കുതിക്കുമ്പോൾ സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ നടന്നത് 22 ആഭരണക്കവർച്ചകൾ. ഒടുവിലത്തേതാണ് സംവിധായകൻ ജോഷിയുടെ വീട്ടിലേത്.
രണ്ടാഴ്ചമുമ്പ് പൊന്നാനി ഐശ്വര്യ തിയേറ്ററിനു സമീപം അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവൻ കവർന്നതാണ് ഈവർഷത്തെ ഏറ്റവും വലിയ കവർച്ച.
പാലക്കാട് മാത്തൂരിലെ വീട്ടിൽനിന്ന് 17പവനും തിരുവനന്തപുരത്ത് മേനംകുളത്ത് 35പവനും താമരശേരിയിൽ ജുവലറി കുത്തിത്തുറന്ന് 50പവൻ മോഷ്ടിച്ചതും ഈ മാസം തന്നെ. പല കേസുകളിലും മോഷ്ടാവിനെക്കുറിച്ച് സൂചന പോലുമില്ല. ജോഷിയുടെ വീട്ടിലെ കവർച്ചയിൽ പൊലീസിന്റെ സമയോചിത ഇടപെടലാണ് മുഹമ്മദ് ഇർഫാനെ അഴിക്കുള്ളിലാക്കിയത്.
വിമാനത്തിലെത്തി കവർച്ച നടത്തിയശേഷം ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുന്ന ഉത്തരേന്ത്യൻ മോഷ്ടാക്കളാണ് വമ്പൻ സ്വർണക്കവർച്ചയ്‌ക്കെല്ലാം പിന്നിലെന്ന് സംശയിക്കുന്നു. കവർച്ച അറിയുംമുമ്പേ ഇവർ കേരളം വിടും. ജുവലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മഹാരാഷ്ട്രക്കാരായ നാലുപേരെ ജോഷിയുടെ വീട്ടിലെ കവർച്ചയ്ക്ക് രണ്ടുദിവസംമുമ്പ് സിറ്റി പൊലീസ് അറസ്റ്റുചെയ്തിരുന്നു. വിമാനത്തിലായിരുന്നു ഇവരുടെ വരവ്.
* എത്രയെത്ര ഡാനിഷുമാർ!
2018ലെ പ്രളയവേളയിൽ ആലുവയിൽനിന്ന് സ്വന്തം നാടായ ഉത്തരാഖണ്ഡിലേക്ക് മടങ്ങുമ്പോൾ ഡാനിഷിന്റെ ചിന്തയത്രയും മലയാളി വീടുകളിലെ സ്വർണശേഖരത്തെക്കുറിച്ചായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ സുഹൃത്ത് സജാദിനൊപ്പം തിരിച്ചെത്തിയ ഡാനിഷ് ആലുവയിലെ രണ്ട് വീടുകളിൽ നിന്നായി 20പവൻ മോഷ്ടിച്ചു. ഇരുവരെയും ആലുവ സ്ക്വാഡ് അജ്മീറിൽനിന്ന് അറസ്റ്റുചെയ്തു.
''സ്വർണം വാങ്ങിക്കൂട്ടുന്നതിൽ മലയാളികൾ മുന്നിലാണെന്നും ഭൂരിഭാഗംപേരും ഇവ വീടുകളിൽത്തന്നെയാണ് സൂക്ഷിക്കുന്നതെന്നും മോഷ്ടാക്കൾക്ക് അറിയാം. നിലവിലെ സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കാനാണ് തീരുമാനം.
-എസ്. ശ്യാംസുന്ദർ
കമ്മിഷണർ
കൊച്ചി സിറ്റി പൊലീസ്