nagarasaba
മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ കച്ചേരിത്താഴത്ത് പ്രവർത്തിച്ച് വരുന്ന തണ്ണീർ പന്തൽ.

മൂവാറ്റുപുഴ: കടുത്ത വേനലിൽ യാത്രാക്കാർക്ക് ദാഹമകറ്റാൻ മൂവാറ്റുപുഴ നഗരസഭ കച്ചേരിത്താഴത്ത് തുറന്ന തണ്ണീർ പന്തലിന്റെ പ്രവർത്തനം അറുപത് ദിനം പിന്നിട്ടു. കാലവർഷം ആരംഭിക്കുന്നത് വരെ പ്രവർത്തനം തുടരുമെന്ന് നഗരസഭ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. ഇതിനകം രണ്ട് ലക്ഷത്തോളം രൂപ ഇതിനായി ചിലവഴിച്ചു. ഫെബ്രുവരി അവസാന വാരമാണ് തണ്ണീർപന്തലിന് തുടക്കമായത്. ആദ്യ ദിനങ്ങളേക്കാൾ നാലിരട്ടി ആളുകളാണ് മാർച്ച് പകുതി മുതൽ തണ്ണീർപന്തലിനെ ആശ്രയിക്കുന്നത്. നഗരത്തിലെ പ്രധാന ബസ് സ്റ്റോപ്പുകളിൽ ഒന്നായ കച്ചേരിതാഴത്ത് നൂറുകണക്കിന് യാത്രക്കാരാണ് പ്രതിദിനം എത്തുന്നത്. രാവിലെ 11.30 മുതൽ വൈകിട്ട് 3 വരെയാണ് സംഭാരം, തണ്ണിമത്തൻ ജ്യൂസ്, കുടിവെള്ളം, പൈനാപ്പിൾ, സ്ക്വാഷ് എന്നിവ സൗജന്യമായി വിതരണം ചെയ്യുന്നത്. നഗരസഭ ഹെൽത്ത് ജീവനക്കാരുടെ നേതൃത്വത്തിലാണ് തണ്ണീർ പന്തലിന്റെ പ്രവർത്തനം.