
കോഴിക്കോട്: ആഗോള റീട്ടെയിൽ ജുവലറി ബ്രാൻഡായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ അമേരിക്കയിലെ നാലാമത്തെ ഷോറൂം ഇല്ലിനോയിസിലെ നേപ്പർവില്ലിൽ പ്രവർത്തനമാരംഭിച്ചു. ഇതോടെ വടക്കേ അമേരിക്കയിലെ ഷോറൂമുകളുടെ എണ്ണം അഞ്ചും ആഗോള തലത്തിലെ ഷോറൂമുകളുടെ എണ്ണം 350 ആയും ഉയർന്നു. മലബാർ ഗോൾഡിന് നിലവിൽ യു. എസ്. എ, കാനഡ, യു. കെ, ഓസ്‌ട്രേലിയ, ഇന്ത്യ, യു. എ. ഇ, ഖത്തർ, ഒമാൻ, ബഹ്‌റിൻ, കുവൈത്ത്, കെ. എസ്. എ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ വിപുലമായ സാന്നിദ്ധ്യമുണ്ട്.
ചിക്കാഗോയിലെ ഇന്ത്യൻ കോൺസൽ ജനറൽ സോമനാഥ് ഘോഷ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. മലബാർ ഗോൾഡ് ഇന്റർനാഷനൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, പട്ടേൽ ബ്രദേഴ്സിലെ രാകേഷ് പട്ടേൽ, മലബാർ ഗോൾഡ് നോർത്ത് അമേരിക്ക ഓപ്പറേഷൻസ് പ്രസിഡന്റ് ജോസഫ് ഈപ്പൻ എന്നിവർ സന്നിഹിതരായിരുന്നു.
മലബാർ ഗോൾഡ് 350ാമത് ഗ്ലോബൽ ഷോറൂം യു. എസിൽ ആരംഭിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമ്മദ് പറഞ്ഞു.
നേപ്പർവില്ലിലെ പട്ടേൽ പ്ലാസയിൽ 6,400 ചതുരശ്ര അടിയിൽ ഒരുക്കുന്ന പുതിയ ഷോറൂമിൽ സ്വർണം, വജ്രം, അമൂല്യ രത്‌നാഭരണങ്ങൾ എന്നിവയുടെ വിപുല ശേഖരമുണ്ട്.