p

കൊച്ചി: വിദ്യാ‌ർത്ഥികൾ ഏത് കോഴ്സാണ് പഠിക്കേണ്ടത്, എവിടെ പഠിക്കണം, എങ്ങനെ പഠിക്കണം എന്ന് അറിഞ്ഞിരിക്കണമെന്ന് പ്രമുഖ കരിയർ ഗുരുവായ പി.ആർ. വെങ്കിട്ടരാമൻ പറഞ്ഞു. അലയൻസ് യൂണിവേഴ്സിറ്റി പ്രസന്റ്സ് 'എഡ്യൂ കൗമുദി" എഡ്യൂക്കേഷൻ- കരിയർ ഗൈഡൻസ് ഇവന്റിൽ വിദ്യാർത്ഥികൾക്ക് മാർഗനി‌ർദ്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് കോഴ്സ് പഠിക്കണമെന്ന് കുട്ടികൾ എട്ടാംക്ലാസിൽ വച്ചുതന്നെ തീരുമാനിക്കണം. അപ്പോൾമുതൽ അതിനുവേണ്ട പ്രവർത്തനങ്ങളും ആരംഭിക്കണം. വിദ്യാ‌ർത്ഥികൾക്ക് പഠിക്കാൻ 728 കോഴ്സുകൾ ലഭ്യമാണ്. എന്നാൽ തങ്ങൾക്ക് അനുയോജ്യമായ കോഴ്സ് കണ്ടെത്തി അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ ആരംഭിക്കണം. രാജ്യത്ത് പലരും പഠിച്ച കോഴ്സും ചെയ്യുന്ന ജോലിയും രണ്ടും രണ്ടാണ്. തനിക്ക് യോജിച്ച കോഴ്സ് കണ്ടെത്തുക എന്നത് പ്രധാനമാണ്. പല കോഴ്സുകൾക്കും ജോലി കിട്ടണമെന്നില്ല. അതുപോലെതന്നെ മാർക്കും വിജയവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നർമ്മവും വിജ്ഞാനവും കലർത്തിയാണ് അദ്ദേഹം വിദ്യാ‌ർത്ഥികളോടും രക്ഷകർത്താക്കളോടും സംവദിച്ചത്. വിദ്യാർത്ഥികൾ പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സിന്റെ ജോലിസാദ്ധ്യതകളും അതിലേയ്ക്ക് എത്തിപ്പെടാനുള്ള വഴികളെപ്പറ്റിയും അദ്ദേഹം വിവരിച്ചു. വിവിധ കോഴ്സുകളും അത് പഠിക്കാനുള്ള മികച്ച കോളേജുകളും യൂണിവേഴ്സിറ്റികളും എതൊക്കെയാണെന്നും അദ്ദേഹം വിശദീകരിച്ചു.