 
പറവൂർ: പുതിയ ദേശീയപാത 66ന്റെ നിർമ്മാണത്തിലെ നിരവധി അപാകതകൾ ചൂട്ടിക്കാട്ടി നാട്ടുകാർ രംഗത്ത്. നിർമ്മാണം അവസാനഘടത്തിലെത്തിയ വടക്കേക്കര ഭാഗത്താണ് അപാകത ഏറെ. നിലവിലെ പലറോഡുകൾ അടയ്ക്കുന്നതും വീടുകളിലേയ്ക്ക് റോഡിൽ നിന്നുള്ള വഴികൾ ഇല്ലാത്താക്കുന്നതും പാലത്തിന്റെ ഉയരക്കുറവുകളും പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അധികൃതർക്ക് പരാതി നൽകാനും സമര പരിപാടികൾക്കും തയ്യാറെടുക്കുകയാണ് നാട്ടുകാർ.
കണ്ണംപ്പിള്ളിപാലം റോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറാനുള്ള ഭാഗം ഇല്ലാതാകുന്നതോടെ കുഞ്ഞിത്തൈ, ആളംതുരുത്ത്, മുറവൻതുരുത്ത് മേഖലകളിലുള്ളവരുടെ സഞ്ചാരപാത പൂർണമായും അടയും. ഈ വഴി അടഞ്ഞാൽ ദേശീയപാതയിലെത്താൻ കട്ടത്തുരുത്ത് വഴി രണ്ട് കിലോമീറ്ററോളം ചുറ്റിവളഞ്ഞ് ചക്കുമരശേരി ക്ഷേത്രത്തിന് സമീപത്തെത്തണം. അല്ലെങ്കിൽ ഒരു കിലോമീറ്ററിലേറെ സഞ്ചരിച്ച് മുനമ്പം കവലയിലേക്ക് പോകണം.
-----------------------------------------------------------
ഉയരക്കുറവ് തലവേദനയാകും
ചിറ്റാറ്റുകര - പറവൂർ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉയരകുറവാണ് മറ്റൊരു പ്രശ്നം. കഴിഞ്ഞ ദിവസങ്ങളിൽ പാലത്തിനായുള്ള ഗർഡറുൾ സ്ഥാപിച്ചതോടെയാണ് നിലവിലെ പറവൂർ പാലത്തേക്കാൾ പുതിയ പാലത്തിന് ഉയരം കുറവാണെന്ന് വ്യക്തമായത്. പാലത്തിന് ഉയരംകുറവായതിനാൽ മുസിരിസ് ബോട്ട് സർവീസുകൾ നടത്താൻ സാധിക്കാതെയാകും. പറവൂരിന്റെ ടൂറിസം വികസനത്തിലെ പ്രധാന ഘടകമായ മുസിരിസ് ബോട്ട് സർവീസ് പാലത്തിന്റെ ഉയരക്കുറവ് മൂലം ഇല്ലാതാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
----------------------------------------
വീട് കൊട്ടയ്ക്കുള്ളിലായി
പുതിയ ദേശീയപാത നിർമ്മാണം ദിനമണിയുടെ വീട്ട് കോട്ടകെട്ടി അടച്ചപോലെയായി. വിമുക്തഭടൻ പരേതനായ കുമാരന്റെ ഭാര്യയായ ദിനമണി ദേശീയപാത വികസനത്തിന് രണ്ട് തവണ ഭൂമി വിട്ടുകൊടുത്തിട്ടുണ്ട്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾ കാരണം ബുദ്ധിമുട്ടുന്നവരാണ് ദിനമണി.
അപ്രോച് റോഡിൽ നിന്ന് മുകളിലേക്ക് മീഡിയൻ പണിയുന്നതിനാൽ വാഹനം കൊണ്ടുവരാൻ കഴിയില്ല. സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമായതോടെ ദിനമണിയും മക്കളും വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയാണ്. വീട്ടിൽ നിന്ന് റോഡിലേക്ക് പ്രവേശിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ദിനമണി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ സോണൽ ഓഫിസർക്ക് പരാതി നൽകിയിട്ടുണ്ട്.