
പറവൂർ: കൊച്ചി മെട്രോ റെയിൽവേ നിർമ്മാണത്തിനിടെ ട്രെയ്ലർ ദേഹത്ത് കയറി മൂന്ന് പേർ മരിച്ച വാഹനാപകടത്തിൽ ഡ്രൈവർ രാജസ്ഥാൻ സ്വദേശി രാംചന്ദ്ര (44) ന് പറവൂർ അഡിഷണൽ സെഷൻസ് കോടതി അഞ്ചുവർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അപകടകരമായി വാഹനം ഓടിച്ചതിനും മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചതിനും ആറുമാസം വീതം വെറും തടവും വിധിച്ചിട്ടുണ്ട്. പിഴത്തുകയിൽ നിന്ന് ഓരോ ലക്ഷം രൂപ വീതം മരിച്ചവരുടെ ബന്ധുകൾക്കും ഒരു ലക്ഷം രൂപ പരിക്കേറ്റയാൾക്കും നൽകണം. പിഴ ഒടുക്കാതിരുന്നാൽ ആറുമാസം കൂടി തടവ് അനുഭവിക്കണം.
2017 ഒക്ടോബർ 12ന് രാത്രി പന്ത്രണ്ടിന് ആലുവ മുട്ടം തൈക്കാവ് ജംഗ്ഷനടുത്തുണ്ടായ അപകടത്തിൽ മെട്രോ നിർമ്മണ തൊഴിലാളികളായ ഉത്തർപ്രദേശ് സ്വദേശികളായ ബബുലു മാസിഹ് (42), ഉമേഷ്കുമാർ (23), സൂര്യകാന്ത് (32) എന്നിവർ മരിക്കുയും ഇന്ദ്രദേവ് (22) എന്നയാൾക്ക് ഗുരുതരമായ പരിക്കേൽക്കുയും ചെയ്തു. തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറികയറ്റുകയും ലോറി നിർത്താതെ ഓടിച്ചു പോകുകയും ചെയ്ത സംഭവത്തിൽ ആലുവ ട്രാഫിക് യൂണിറ്റ് കേസെടുത്തത്. അഹമ്മബാദിൽ നിന്നും പത്തനംതിട്ടയിലെ പാലത്തറ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ബിറ്റുമെൻ ഉരുക്കാനുള്ള കൂറ്റൻ ടാങ്കുമായി വന്നതാണ് ട്രെയ്ലർ. ചിറ്റാറിൽ ടാങ്ക് ഇറക്കി തിരികെ പോകുമ്പോഴാണ് പൊലീസ് വാഹനം പിടികൂടിയത്. ലോറി സംബന്ധമായ തെളിവുകളുണ്ടായിരുന്നെങ്കിലും ഡ്രൈവറെ തിരിച്ചറിയുന്നതിൽ പാലത്തറ കൺസ്ട്രക്ഷൻ കമ്പനിയുടെ മാനേജരുടെ മൊഴിയാണ് നിർണയകമായത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ബി. ഷാജി ഹാജരായി.