 
മൂവാറ്റുപുഴ: നഗരത്തിലെ മണ്ണാൻ കടവ് തോട് മാലിന്യവാഹിനിയായത് പേട്ട നിവാസികളെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ദിവസം അമിത മാലിന്യ പ്രവാഹമാണ് തോട്ടിലുണ്ടായത്. മാലിന്യ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലറുടെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുമ്പ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇതോടെ സർവകക്ഷി യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും ഇതുവരെ നടപടിയായില്ല.നഗരത്തിലെ ജനവാസ കേന്ദ്രമായ പേട്ടയ്ക്കു നടുവിലൂടെ ഒഴുകുന്ന മണ്ണാൻ കടവ് തോട്ടിലേക്ക് ശുചിമുറി മാലിന്യമടക്കം എത്തുന്നതാണ് പ്രധാനപ്രശ്നം. കെ.എസ്.ആർ.ടി.സി പരിസരത്ത് നിന്നും ആരംഭിക്കുന്ന ഓട, മൂവാറ്റുപുഴയാറ്റിലെ മണ്ണാൻ കടവിലാണ് എത്തിചേരുന്നത്. തോടിനു സമീപമുള്ള വീടുകളിൽ ഭക്ഷണം പാചകം ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. കൊതുകുശല്യവും അസഹനീയമാണ്.
ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മണ്ണാൻതോടിലെ മാലിന്യത്തെ കുറിച്ച് പ്രദേശവാസികൾ അറിയിച്ചങ്കിലും പ്രശ്നപരിഹാരം ഉണ്ടായിട്ടില്ല. സെപ്റ്റിക് ടാങ്ക് മാലിന്യമുൾപ്പെടെ നഗരത്തിലെ മുഴുവൻ മാലിന്യവും പേറി എത്തുന്ന കാനയാണ് മണ്ണാൻകടവ് തോടിനെയും, പുഴയെയും മലിനമാക്കുന്നത്. തോട്ടിലൂടെ എത്തുന്ന മലിനജലം മൂവാറ്റുപുഴ കുടിവെള്ള ശുദ്ധീകരണ ശാലയുടെ ക്യാച്ച്മെന്റ് ഏരിയയുടെ ഇരുന്നൂറ് മീറ്റർ അടുത്താണ് വന്ന് പതിക്കുന്നത്.