കിഴക്കമ്പലം: അനധികൃതമായി മണ്ണെടുപ്പ് നടത്തി കോളനിക്കാരെ ഒഴിപ്പിക്കാൻ നീക്കമെന്ന് പരാതി. പള്ളിക്കര പള്ളിമുകൾ പട്ടികജാതി കോളനി പ്രദേശത്ത് ഇരുവശങ്ങളിലുമായി അനധികൃത മണ്ണെടുപ്പും നിർമ്മാണ പ്രവർത്തനങ്ങളും നടന്നു വരുന്നത് പ്രദേശവാസികളെ ഒഴിപ്പിക്കാനുള്ള ശ്രമമെന്നാണ് ആരോപണം. കോളനിയിലേക്കുള്ള റോഡരികിൽ ആഴ്ചകളായി മണ്ണെടുപ്പ് തുടരുകയാണ്. ഇതിനെതിരെ കോളനി നിവാസികൾ കലക്ടർക്കും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലും പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് തിരക്കിലാണെന്ന മുടന്തൻ ന്യായം പറഞ്ഞ് ഒഴിവാവുകയാണെന്ന് കോളനി നിവാസികൾ പറയുന്നു. ഇതിനിടെ മണ്ണെടുപ്പ് തകൃതിയായി നടക്കുകയാണ്. കോളനിക്ക് മറുവശത്തെ മഞ്ചേരിക്കുഴി റോഡരികിലെ ഉയർന്ന പ്രദേശത്തും മണ്ണെടുപ്പ് പൂർത്തിയാക്കി. കനത്ത കുടിവെള്ളം ക്ഷാമം നേരിടുന്ന പ്രദേശമാണ് പള്ളിമുകൾ കോളനി. പള്ളിക്കര കനാലിൽ വെള്ളമെത്തുന്നത് പമ്പ് ചെയ്താണ് കോളനിയിൽ എത്തിക്കുന്നത്. മണ്ണെടുപ്പ് തുടരുന്നത് മേഖലയെ കടുത്ത വരൾച്ചയിലേയ്ക്ക് നയിക്കും. സമീപത്തെ ചായ്‌ക്കോത്തുമലയുടെ ഒരുഭാഗം മണ്ണെടുത്തതിലൂടെ വർഷങ്ങളായി ഇവിടെ ദുരന്തമേഖലയായി പ്രഖ്യാപിച്ചിരിക്കയാണ്. കനത്ത മഴ പെയ്യുമ്പോൾ ചായ്‌ക്കോത്തുമല കോളനിയിലെ താമസക്കാരെ മാറ്റി പാർപ്പിക്കുകയാണ് പതിവ്. ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോളനി നിവാസികൾ.