student

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ച കേസിൽ പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി വിശദവാദത്തിനായി മാറ്റി. പ്രതികളായ അരുൺ കേളോത്ത്, എസ്.ഡി. ആകാശ്, ബിൽഗേറ്റ് ജോഷ്വ, വി. നസീഫ്, റെഹാൻ ബിനോയ്, ആസിഫ് ഖാൻ, അൽത്താഫ് എന്നിവരുടെ ഹർജിയാണ് ജസ്റ്റിസ് പി.ജി. അജിത്കുമാർ പിന്നീട് പരിഗണിക്കാനായി മാറ്റിയത്.
കൽപ്പറ്റ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യഹർജി തള്ളിയതിനെ തുടർന്ന് ആറാം പ്രതി ആസിഫ് ഖാൻ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാർത്ഥികളായ പ്രതികളുടെ പഠനം മുടങ്ങിയെന്ന് അഭിഭാഷകർ വാദിച്ചു. ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റാഗിംഗിന്റെ പേരിലുള്ള ക്രൂരമർദ്ദനം, ആത്മഹത്യാ പ്രേരണ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.