pro

കൊച്ചി: വിദ്യാർത്ഥികൾ എങ്ങനെ ഉന്നതപഠനം തിര‌ഞ്ഞെടുക്കണം, ജോലിസാദ്ധ്യത, കുട്ടികൾ നേരിടുന്ന മാസികസമ്മർദ്ദങ്ങളിൽ രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ പാനൽചർച്ച ശ്രദ്ധേയമായി. കേരളകൗമുദി അസോസിയേറ്റ് എ‌ഡിറ്റർ വി.എസ്. രാജേഷ് മോഡറേറ്ററായി. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി പ്രോ വൈസ്ചാൻസലർ ഡോ. ജെ. ലത, പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. എൽസി ഉമ്മൻ, റിട്ട. ഡിവൈ.എസ്.പിയും കരിയർ‌ അനലിസ്റ്റുമായ കെ.എം. സജീവ്, നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ഡയറക്ടർ (ടെക്നോളജി ബിസിനസ്) ഡോ. ആർ.എസ്. റിമാൽ ഐസക്, എസ്.എൽ.ബി.എസ് സി.ഒ.ഒ ജിസ് മാത്യു എന്നിവർ പങ്കെടുത്തു.

ഡോ. ജെ. ലത

കുട്ടികൾ അവരുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞെടുക്കണം. ജോലിസാദ്ധ്യത, സംരംഭങ്ങൾക്കുള്ള സാദ്ധ്യത എന്നിവ മനസിലാക്കണം. പല യൂണിവേഴ്സിറ്റികളും സ്റ്റാർട്ടപ്പ് മിഷനുമായി കൈകോർത്തിട്ടുണ്ട്. കുട്ടികളുടെ അഭിരുചികളെ സഹായിക്കാൻ യൂണിവേഴ്സിറ്റികളും അദ്ധ്യാപകരും പിന്തുണയ്ക്കും. ഗണിതം പഠിക്കാൻ നല്ല കഴിവുള്ളവരാണെങ്കിലേ എൻജിനിയറിംഗ് പഠിക്കാൻ പോകാവൂ. എല്ലാ കോഴ്സുകളും നല്ല രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഏത് കോഴ്സെടുത്താലും ജോലി ലഭിക്കും, അവർക്ക് സംരംഭകരാകാനും തുടർപഠനം നടത്താനും സാധിക്കും.

ഡോ. എൽസി ഉമ്മൻ

മാനസികപ്രശ്നങ്ങൾ 14-ാം വയസിൽ ആരംഭിക്കും. ജീവിതത്തിലെ വളരെ നിർണായക കാലഘട്ടമാണിത്. മാനസിക സമ്മർദ്ദമില്ലാത്ത ജീവിതം ആർക്കും സാദ്ധ്യമല്ല. അത് കുറയ്ക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം. രക്ഷകർത്താക്കൾ അവർക്ക് കരുത്ത് നൽകണം. ഇന്ന് മൊബൈൽഫോൺ സർവസാധാരണമാണ്. മൊബൈൽഫോൺ ഏതുരീതിയിലാണ് ഉപയോഗിക്കുന്നത് എന്നതിലാണ് കാര്യം. ഇന്റർനെറ്റ് അഡിക്ഷൻ രോഗമായി ലോകാരോഗ്യ സംഘടന കണക്കാക്കിയിട്ടുണ്ട്. പെട്ടെന്ന് ഇത് ഇല്ലാതെയായാൽ പിൻവാങ്ങൽ പ്രശ്നങ്ങളുണ്ടാകാം. ആത്മവിശ്വാസം ഉണ്ടാക്കാൻ നിരന്തരപ്രയത്നം ആവശ്യമാണ്. രക്ഷകർത്താക്കൾ കുട്ടികൾ കൗമാരപ്രായത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കണം. എന്ത് തെറ്റ് ചെയ്താലും രക്ഷകർത്താക്കളുടെ അടുത്തുവന്ന് പറയാനുള്ള വിശ്വാസം നേടിയെടുക്കണം.

ഡോ. റിമാൽ ഐസക്

കോഴ്സുകളിൽ ചേരുന്ന വിദ്യാർത്ഥികൾ സംരംഭകത്വത്തെ പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാടുമായാണ് എത്തുന്നത്. അവർക്ക് മികച്ച സംരംഭകരാകാനുള്ള ആത്മവിശ്വാസമുണ്ട്. അവരെ നന്നായി പിന്തുണയ്ക്കണം. കേരളസ്റ്റാർട്ടപ്പ് മിഷൻ സഹായങ്ങൾ നൽകുന്നുണ്ട്. ഏതൊക്കെ കോഴ്സിന് ഡിമാൻഡുണ്ടെന്ന് മനസിലാക്കിവേണം തിരഞ്ഞെടുക്കാൻ. വലിയ കമ്പനികളടക്കം ക്യാമ്പസ് പ്ലേസ്‌മെന്റ് നടത്തുന്നത് കുറവാണ്. പ്ലേസ്‌മെന്റ് ലഭിക്കുന്നവർ കമ്പനികളിൽ ജോലിക്ക് എത്തുന്നുമില്ല.

കെ.എം. സജീവ്

ഏത് കോഴ്സെടുത്ത് പഠിക്കണമെന്നത് ഭൂരിഭാഗം കുട്ടികളുടെയും ആശങ്കയാണ്. മൂന്നുമുതൽ അഞ്ചുശതമാനം കുട്ടികൾക്ക് മാത്രമേ സ്വന്തമായി ലക്ഷ്യമുള്ളൂ. കുട്ടികൾ എന്ത് പഠിക്കണമെന്നത് രക്ഷകർത്താക്കളാണ് തീരുമാനിക്കുന്നത്. കുട്ടികൾക്കുമേൽ വലിയസമ്മർദ്ദവും നൽകുന്നുണ്ട്. അഭിരുചി അനുസരിച്ചുവേണം കോഴ്സ് തിരഞ്ഞെടുക്കാൻ. കോഴ്സിനൊപ്പം ആഡ് ഓൺ കോഴ്സുകൂടി ചെയ്യണം. നല്ല സർവകലാശാലകളും തിരഞ്ഞെടുക്കണം. ജീവിതകാലം മുഴുവൻ നമുക്കിഷ്ടപ്പെട്ട ജോലിചെയ്യാനും സാധിക്കണം.

ജിസ് മാത്യു

യൂണിവേഴ്സിറ്റി മുഖാന്തിരം യോഗ്യത ലഭിക്കും. വ്യവസായരംഗത്ത് ജോലിചെയ്യണമെങ്കിൽ നമുക്ക് നൈപുണ്യം വേണം. അതിനുള്ള പ്രായോഗിക പരിശീലനം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്നില്ല. നൈപുണ്യം നേടിയെടുക്കുന്നതിന് എസ്.എൽ.ബി.എസ് സ്കിൽ ഓറിയന്റ‌ഡ് ട്രെയിനിംഗ് നൽകുന്നുണ്ട്. ഇന്ത്യയുടെ പലഭാഗത്തും കുട്ടികളെ ജോലിക്ക് വിടാൻ പറ്റുന്നുണ്ട്. ഇവർക്ക് പ്ലേസ്‌മെന്റും ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് എന്ത് കുറവാണുള്ളതെന്ന് മനസിലാക്കിയാണ് അവർക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നൽകുന്നത്.