kseb

ആലുവ: രാപകൽ ഭേദമെന്യേ വൈദ്യുതി മുടക്കം പതിവായതോടെ കൈക്കുഞ്ഞ് ഉൾപ്പെടെ ആലുവയിൽ നാട്ടുകാർ നടത്തിയ പ്രതിഷേധം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. തിങ്കളാഴ്ച അർദ്ധരാത്രിയിൽ ആലുവ തോട്ടക്കാട്ടുകര സെക്ഷൻ ഓഫീസിലായിരുന്നു വേറിട്ട പ്രതിഷേധം.

തോട്ടക്കാട്ടുകര സെക്ഷനിൽ ഒരു മാസത്തോളമായി സ്ഥിരം വൈദ്യുതി മുടക്കമാണ്. കൊടുംചൂടിൽ ജനം വെന്തുരുകുമ്പോഴും കാരണങ്ങളില്ലാതെയും മുന്നറിയിപ്പ് നൽകാതെയും വൈദ്യുതി മുടങ്ങുന്നതിനെതിരെ ജനം പ്രതിഷേധിക്കുകയായിരുന്നു.

കൈക്കുഞ്ഞുമായി കാറിലെത്തിയ കുടുംബം വൈദ്യുതി വരുന്നത് വരെ കെ.എസ്.ഇ.ബി ഓഫീസിൽ കാറിലിരുന്ന് പ്രതിഷേധിച്ചു. ഈ സമയം ഒരു ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്. എ.ഇയുടെ ഒദ്യോഗിക നമ്പർ ഉൾപ്പെടെ സ്വിച്ച് ഓഫായിരുന്നു.

ഫീഡർ തകരാറെന്ന പതിവ് മറുപടി മാത്രമാണ് ലഭിച്ചത്. തിങ്കളാഴ്ച രാത്രി മാത്രം അഞ്ചിലേറെ തവണയാണ് വൈദ്യുതി മുടങ്ങിയത്. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.