1
ഫോർട്ട് കൊച്ചി സോണൽ ഓഫീസ്

ഫോർട്ട് കൊച്ചി: വൈദ്യുതി ബിൽ കുടിശികയെ തുടർന്ന് കൊച്ചി നഗരസഭ ഫോർട്ടുകൊച്ചി സോണൽ ഓഫീസി​ലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ ഓഫീസ് പ്രവർത്തനം സ്തംഭിച്ചു. ഇതിനോട് ചേർന്നുള്ള ആരോഗ്യ വിഭാഗം സർക്കിൾ ഓഫീസ് , കുടുംബശ്രീയുടെ യു.പി.ഐ. ഡി ഓഫീസ് എന്നിവയുടെ ഫ്യൂസും കെ.എസ്.ഇ.ബി.അധികൃതർ ഊരിയെടുത്തു.

രണ്ടു ലക്ഷം രൂപയുടെ കുടിശി​കയാണ് ഇവിടെ നിലവിലുള്ളത് .കൊച്ചി നഗരസഭ സെക്രട്ടറി അവധിയിലാണ്. ഇന്ന് അവധി​യായതി​നാൽ നാളെ അധികൃതർ തുക കണ്ടെത്തി അടച്ചാലാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ കഴിയുക. 80ലേറെജീവനക്കാരാണ് ഇവിടെ ജോലിയെടുക്കുന്നത്. കെട്ടിട നിർമ്മാണ ലൈസൻസ് അടക്കമുള്ള പ്രവർത്തനങ്ങളുമായി 3 ഓഫീസുകളിലുമായി പ്രതിദിനം ആയിരത്തിലെറെ പ്രദേശവാസികളാണ് ഇവിടെ എത്തുന്നത്. വേനൽ ചൂട് മൂലം വലയുന്ന ഘട്ടത്തിൽ വൈദ്യുതിബന്ധം കൂടി വിച്ഛേദിച്ചതോടെ ജീവനക്കാരും നാട്ടുകാരും വലഞ്ഞു. ഓഫീസ് പ്രവർത്തനം എന്ന് സാധാരണ നിലയിലാകുമെന്നറിയാത്ത സ്ഥിതിയാണെന്ന് ജീവനക്കാർ പറയുന്നു.