c

 പാർട്ടിയിൽ എല്ലാവരും പോയാലും ഞാനുണ്ടാകും

 ​പദ്മജയ്ക്ക് കുറച്ചു കഴിയുമ്പോൾ മനസിലാകും

 ഇക്കുറി ഇരുപത് സീറ്റിൽ ഇരുപതും നേടും

 മോദിക്കു പകരം രാഹുൽ അല്ലാതെ പിന്നെയാര്?​

മുതിർന്നകോൺഗ്രസ് നേതാവും കെ.പി.സി.സി പ്രചാരണ സമിതി അദ്ധ്യക്ഷനുമായ രമേശ് ചെന്നിത്തലയുമായി നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന്:

 ഉമ്മൻ ചാണ്ടി പോയി. എ.കെ. ആന്റണി പ്രചരണത്തിൽ സജീവമല്ല. കേരളത്തിലെ ഏറ്രവും സീനിയറായ കോൺഗ്രസ് നേതാവ് ഇപ്പോൾ താങ്കളാണ്. ആ രീതിയിൽ പാർട്ടി താങ്കളെ പ്രയോജനപ്പെടുത്തുന്നുണ്ടോ?

അതുകൊണ്ടല്ലേ പ്രചാരണത്തിന്റെ ചുമതല പാർട്ടി എന്നെ ഏൽപ്പിച്ചത്.

 പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും രണ്ടു വഴിക്കാണെന്നും,​ താങ്കൾ പാരലൽ വഴിക്ക് നീങ്ങുന്നുവെന്നും പറയുന്നു?​

ഒരിക്കലും ശരിയല്ല. ഞാൻ പ്രചാരണ സമിതി അദ്ധ്യക്ഷനായ ശേഷം ഞങ്ങളെല്ലാവരും കൂടിയാലോചിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. സുധാകരനോട് ഫോണിൽ വിളിച്ച് സംസാരിക്കും. സതീശനും എം.എം ഹസനും... ഞങ്ങൾ മൂന്നു പേരും കൂടി ആലോചിക്കാതെ ഒരു കാര്യവും ചെയ്യാറില്ല. ഒരു കൂട്ടായ്മ കേരളത്തിലെ കോൺഗ്രസിൽ രൂപപ്പെട്ടിട്ടുണ്ട്. ഇപ്പോൾ തിരഞ്ഞെടുപ്പിൽ ജയിക്കേണ്ടുന്നത് പാർട്ടിയുടെയും കേരളത്തിന്റെയും നിലനിൽപ്പിന് ആവശ്യമാണ്. ഈ ഗവൺമെന്റിനെക്കൊണ്ട് ജനങ്ങൾ മടുത്തു

 സ്ഥാനാർഥി നിർണയത്തിന്റെ കാര്യത്തിൽ സാമുദായിക സന്തുലിതാവസ്ഥ പാലിച്ചോ?​ പ്രബലമായ ഈഴവ സമുദായത്തിൽ നിന്ന് രണ്ടു സ്ഥാനാർത്ഥികൾ മാത്രമേയുള്ളൂ. മുസ്ളീം സമുദായത്തിൽ നിന്ന് ഒരേയൊരാൾ...

സിറ്റിംഗ് എം.പിമാർക്ക് സീറ്റു നൽകിയതിനാലാണ് കൂടുതൽ പ്രാതിനിധ്യം കൊടുക്കാൻ കഴിയാതെ പോയത്. കഴിഞ്ഞ തവണത്തേപോലെ ഇക്കുറിയും ആ രണ്ടു പേരുംഈഴവ സമുദായത്തിൽ നിന്നുണ്ട് . മുസ്ളീം സമുദായത്തിൽ നിന്ന് ലീഗും കൂടി ചേർത്ത് മൂന്നു പേരുണ്ട്.

എം.എൽ.എയും എംപിയുമൊക്കെ മത്സരിക്കുന്നത് ശരിയാണോ?

ഹരിപ്പാട് എം.എൽ.എ ആയിരിക്കുമ്പോഴാണ് ഞാൻ പാർലമെന്റിലേക്ക് മത്സരിക്കുന്നത്. അതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. പിന്നെ ഞാൻ കെ.പി.സി.സി പ്രസിഡന്റായപ്പോഴാണ് നാല് എം.എൽ.എമാരെ മത്സരിപ്പിക്കുന്നത്. അത് വേണ്ടായിരുന്നു എന്ന അഭിപ്രായമാണ് എനിക്ക് ഇപ്പോഴും. കെ.സി. വേണുഗോപാലിന്റെ കാര്യത്തിൽ അതല്ല. പാർലമെന്റിൽ ഇന്ത്യാ മുന്നണിക്ക് ഗവൺമെന്റുണ്ടാക്കണം. അതിന് ലോക്‌സഭയിലെ അംഗങ്ങളാണ് കൂടുതൽ വരേണ്ടത്. രാജ്യസഭയിൽ ഭൂരിപക്ഷം ഉണ്ടായിട്ട് കാര്യമില്ല.

 പുതിയ തലമുറയെ വളർത്തിക്കൊണ്ടു വരുന്നില്ലല്ലോ?​

പുതിയ ആളുകളെ നമ്മൾ കൊണ്ടുവരുന്നുണ്ടല്ലോ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 52 പുതിയ ആളുകളെ നിർത്തി. രണ്ടു പേരേ ജയിച്ചുള്ളൂ. അപ്പോൾ പുതുമുഖങ്ങളെ നിർത്തിയതുകൊണ്ടു മാത്രമായില്ല.

 ദേശീയ തലത്തിലെ പൊതുവികാരം കോൺഗ്രസ് വളരെ ദുർബലമായെന്നാണ് . താങ്കളുടെ തന്നെ സമകാലികരായ പല നേതാക്കളും പോയി. നേതൃത്വ പ്രതിസന്ധി കോൺഗ്രസ് ദേശീയ തലത്തിൽ നേരിടുന്നില്ലേ?​

നേതാക്കന്മാർ വിട്ടുപോയി എന്നുള്ളത് സത്യമാണ്. പക്ഷെ പാർട്ടി ഇപ്പോഴും ശക്തമാണ്. നേതാക്കന്മാർ വിട്ടു പോകുമ്പോൾ അവരുടെ കൂടെ അണികൾ പോകാറില്ല. കപിൽ സിബൽ പോയി. അദ്ദേഹത്തിന്റെ കൂടെ ആരും പോയില്ല. ഗുലാംനബി ആസാദിന്റെ കൂടെ പോയവർ തിരിച്ചുവന്നു. കാരണം കോൺഗ്രസിന് അത്രമാത്രം ജനഹൃദയങ്ങളിൽ സ്ഥാനമുണ്ട്. രണ്ടു തരത്തിലാണ് ആളുകൾ പോകുന്നത്. ഒന്ന് അധികാര മോഹം. രണ്ട് ഇ.ഡി,​ സി.ബി.ഐ പേടി.

ഇവരൊന്നും പോകാതെ നോക്കേണ്ട ഉത്തരവാദിത്തം ആർക്കാണ്?

പാർട്ടിക്കാണ്.

 പോകുന്നത് ആരുടെ കുഴപ്പമാണ്? പാർട്ടിയിലെ സംഘടനാ ചുമതലയുള്ളവരുടേതു കൂടിയല്ലേ?

എല്ലാവർക്കുമുണ്ട്. ഒരു കാര്യം മനസിലാക്കേണ്ടത്, പോകുന്ന ആളുകൾ അവരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കാണ് പോകുന്നത്. അവർ വിചാരിക്കുന്നത് കോൺഗ്രസ് തിരിച്ചു വരില്ലെന്നാണ്. പക്ഷേ,​ കോൺഗ്രസ് തിരിച്ചുവരാൻ പോവുകയാണ്. മോദി മൂന്നാം തവണയും വരും; നാനൂറ് സീറ്റ് നേടുമെന്നുമൊക്കെയുള്ള പ്രചാരണം നടത്തുന്നത് പരാജയ ഭയത്തിൽ നിന്നാണ്.

 മോദിക്ക് പകരംവയ്ക്കാൻ പറ്റിയ നേതാവേ അല്ല രാഹുൽ ഗാന്ധി എന്നുള്ള പ്രചാരണത്തെക്കുറിച്ച്?

മോദിക്കു പകരംവയ്ക്കാൻ രാഹുൽ അല്ലാതെ പിന്നാരാ ഉള്ളത്!

എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയും ലീഡറുടെ മകൾ പത്മജ വേണുഗോപാലും ബി.ജെ.പിയിൽ ചേരുമെന്ന് താങ്കൾ പ്രതീക്ഷിച്ചിരുന്നോ?

ഒരിക്കലും കരുതിയിരുന്നില്ല. ഞെട്ടിപ്പോയി

 എന്തുകൊണ്ട് സംഭവിക്കുന്നു?

എനിക്ക് ഇപ്പോഴും അറിയില്ല. പത്മജയ്ക്ക് പാർലമെന്റ് സീറ്റ് കൊടുത്തു. തൃശൂർ സീറ്റ് രണ്ടു തവണ കൊടുത്തു. ജയിച്ചില്ല. പാർട്ടി ജനറൽ സെക്രട്ടറിയാക്കി. എ.ഐ.സി.സി മെമ്പറാക്കി. രാഷ്ട്രീയകാര്യ സമിതിയിൽ വച്ചു. എന്തു ചെയ്യാൻ പറ്റും. പോയി കുറച്ചു കഴിയുമ്പോൾ മനസിലാകും.

 അനിൽ ആന്റണി പോയി. എ.കെ ആന്റണിയുടെ മകനാണ്...

അനിൽ പോയതുകൊണ്ട് നഷ്ടമുണ്ടാകില്ല. അനിലിന്റെ നിഴൽ പോലും അനിലിനോടൊപ്പം പോയില്ല.

 താങ്കളെപ്പോലെ അനുഭവസമ്പത്തുള്ള ഒരു സീനിയർ നേതാവ് പ്രവർത്തക സമിതിയിൽ ഇപ്പോഴും സ്ഥിരം ക്ഷണിതാവ് മാത്രമാണ്. പാർട്ടി കൂറുകൊണ്ടല്ലെങ്കിൽ താങ്കൾക്കിതിൽ നിൽക്കാൻ പറ്റുമോ?

19 വർഷം മുമ്പ് ഞാനിരുന്ന പദവിയിൽ തന്നെയാണ് ഞാനിപ്പോഴും ഇരിക്കുന്നത്. സ്ഥാനമാനത്തിന്റെ പേരിൽ പാർട്ടിയിൽ നിൽക്കുന്നയാളല്ല ഞാൻ. നാളെ എനിക്ക് പാർട്ടിയിൽ ഒരു സ്ഥാനവും കിട്ടിയില്ലെങ്കിലും ഞാൻ കോൺഗ്രസുകാരനായിരിക്കും.

 പാർട്ടിക്കു വേണ്ടി നിൽക്കുന്ന പ്രഗത്ഭരായ ആൾക്കാരെ ഉൾക്കൊള്ളുന്നതിലും, അവരെ വൈകാരികമായി ഒപ്പം നിറുത്തുന്നതിലും പാർട്ടിക്ക് പിശകു പറ്റുന്നില്ലേ?​

പാർട്ടി വലിയ പാർട്ടിയാണ്. അതുകൊണ്ടാവാം. എനിക്ക് പരാതിയില്ല.

 വിയോജിപ്പുകൾക്കിടയിലും താങ്കളും ഉമ്മൻ ചാണ്ടിയും തമ്മിലുണ്ടായിരുന്ന ധാരണയും അടുപ്പവും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും തമ്മിലുണ്ടോ?

ഞങ്ങൾ വേറൊരു രീതിയിലാണ് പ്രവർത്തിച്ചത്. അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ അത് പുറത്തു പോകില്ലായിരുന്നു. ഞങ്ങൾ അഭിപ്രായ വ്യത്യാസമുണ്ടാക്കിയാൽ ലക്ഷക്കണക്കിനു വരുന്ന കോൺഗ്രസ് പ്രവർത്തകരെ അത് വേദനിപ്പിക്കും. അവർ രാവിലെ ചായക്കടയിലിരുന്ന് രാഷ്ട്രീയം പറയുമ്പോൾ അവരുടെ എതിരാളി പത്രം വായിച്ചിട്ട് പരിഹസിക്കുന്ന അവസ്ഥ ഞാൻ ഉണ്ടാക്കിയിട്ടില്ല; ഒരിക്കലും.

 ഇപ്പോൾ ഉള്ള ചിലർ ഉണ്ടാക്കുന്നുണ്ട് എന്നോണോ?​

അത് നിങ്ങൾ വിലയിരുത്തിയാൽ മതി. ഞാനും ഉമ്മൻ ചാണ്ടിയും ഉണ്ടാക്കിയിട്ടില്ല.

 ബി.ജെ.പി നേതൃത്വത്തിലുള്ളവർ അടക്കം പറയുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പല പ്രമുഖരും ബി.ജെ.പിയിലേക്ക് വരുമെന്നാണ് . അതിൽ താങ്കളുടെ പേരുമുണ്ട്?

എന്റെ പേര് വെട്ടുന്നതാണ് നല്ലത്. എന്നും ഞാൻ കോൺഗ്രസുകാരനായിരിക്കും. എല്ലാവരും പോയാലും ഞാൻ ഉണ്ടാവും. ഒരിക്കലും ബി.ജെ.പിയിൽ പോകില്ല.

 വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ റോഡ്ഷോയിൽ ഒരു പതാകയും ഉപയോഗിച്ചില്ല. ലീഗിനെ പ്രീണിപ്പിക്കാനായിരുന്നോ അത്? ദേശീയതലത്തിൽ ബി.ജെ.പി ഇത് പ്രചരണായുധമാക്കുമെന്ന പേടിയിൽ എല്ലാവരുടെയും പതാക വേണ്ടെന്നുവച്ചോ?

അല്ല. ഞങ്ങൾ പ്രചാരണത്തിന് പുതിയ രീതി കണ്ടെത്തിയതാണ്. രാഹുൽ ഗാന്ധിയുടെ ഫോട്ടോ വച്ചിട്ടുള്ള 7000 പ്ലക്കാർഡുകൾ. ഒരു പുതിയ സ്റ്റൈൽ.

 കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 19-1 ആയിരുന്നു. ഇത്തവണ?

ഇത്തവണ 20-20 അടിക്കും.

(അഭിമുഖത്തിന്റെ പൂർണ്ണരൂപത്തിന് ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക)