തൊടുപുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിന് ഇനി എട്ട് നാൾ മാത്രം ബാക്കിനിൽക്കെ മുന്നണികൾ ഡിജിറ്റൽ പ്രചാരണവും കൊഴുപ്പിക്കുകയാണ്. വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അശ്ലീല പ്രചരണങ്ങൾ നടക്കുന്നുവെന്നതാണ് ഇപ്പോൾ കേരളത്തിലെ പ്രധാന വിവാദം. ഇടുക്കിയിലും സാമൂഹ്യമാദ്ധ്യമവുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ കൊഴുക്കുന്നത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെതിരെ ഫേസ്ബുക്കിൽ വ്യാജ പ്രചരണം നടത്തിയെന്ന് ആരോപിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജിനെതിരെ യു.ഡി.എഫ് ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്.

ഇതിൽ നിന്നെല്ലാം മനസിലാകുന്നത് സാമൂഹ്യമാദ്ധ്യങ്ങളിലൂടെയുള്ള പ്രചാരണങ്ങൾ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയെടുക്കുന്ന സ്വാധീനം അത്ര ചെറുതല്ലെന്നാണ്. ഈ സ്വാധീനവും സാദ്ധ്യതകളും തിരിച്ചറിഞ്ഞ് വിവിധ രാഷ്ട്രീയ പാർട്ടികൾ കോടിക്കണക്കിന് രൂപയാണ് സോഷ്യൽ മീഡിയ പ്രചാരണങ്ങൾ വേണ്ടി മാറ്റിവയ്ക്കുന്നത്. രാഷ്ട്രീയത്തിലെന്ന് മാത്രമല്ല ഏതൊരു ചെറിയ സംരഭങ്ങളിൽ പോലും 'സോഷ്യൽ മീഡിയ ടീം' എന്നത് ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നായി മാറി. പൊതുയിടങ്ങളിൽ പൊതുറാലികളിൽ ഘോരഘോരം പ്രസംഗിക്കുന്നതിനേക്കാൾ കൂടുതൽ ചലനങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഇതുവഴിയുള്ള പ്രചരണങ്ങൾക്ക് സാധിക്കുന്നു. സോഷ്യൽ മീഡിയ വഴി 'വൺ ടു വൺ' സംഭാഷണം സാധ്യമാവുകയും അതുവഴി തങ്ങളുടെ രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം തന്നെ അവരിൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. ഇതിനായി താഴെത്തട്ടിലെ പ്രവർത്തകർ മുതൽ പി.ആർ ഏജൻസികൾ വരെയാണ് ഓരോ മുന്നണികൾക്കും പ്രചാരകരായിട്ടുള്ളത്. മണ്ഡലത്തിൽ ഡിജിറ്റൽ തരംഗം സൃഷ്ടിക്കാൻ ലക്ഷങ്ങൾ മുതൽ കോടികൾ വരെയാണ് ചില ഏജൻസികൾ ചാർജ് ചെയ്യുന്നത്. ഇൻസ്റ്റഗ്രാം- ഫേസ്ബുക്ക് റീൽസ്, ​വാട്‌സ് ആപ്പ് സ്റ്റാറ്റസ് വീഡിയോകൾ,​ ആനിമേഷൻ വീഡിയോ, ഓഡിയോ വീഡിയോ ആൽബങ്ങൾ, ഷോർട്ട് ഫിലിം, ട്രോളുകൾ, എസ്.എം.എസ് സന്ദേശങ്ങൾ തുടങ്ങി സർവമാർഗങ്ങളും ഉപയോഗിച്ച് ആഞ്ഞടിക്കുകയാണ്.

പോരാട്ടം

ഓൺലൈനിലാണ്

മൂന്ന് മുന്നണികളും തങ്ങളുടെ പാർട്ടിയെ പുകഴ്ത്തിയും എതിർപാർട്ടിയെ വിമർശിച്ചും ട്രോളിയുമുള്ള പോസ്റ്റുകൾ തങ്ങളുടെ പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനായി പ്രത്യേക സൈബർ പോരാളികൾ ഇവർക്കുണ്ട്. രാഷ്ട്രീയ എതിരാളികൾക്ക് നേരെ ട്രോളുകൾ ഇറക്കുക, നേതാക്കളുടെ പ്രസംഗങ്ങളുടെ പ്രസക്ത ഭാഗങ്ങൾ വൈറലാക്കുക എന്നിവയാണ് പോരാളികളുടെ പ്രധാന ജോലി. യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി സൈബർ പോരാളികൾ, സൈബർ വോയ്‌സ്, സൈബർ വിംഗ്‌സ് എന്നീ സാമൂഹ്യ പേജുകൾക്ക് പുറമേ, പോരാളി ഷാജിയും പോരാളി വാസുവും ഇടത് വലതു ചേരികളിൽ ആരോപണ, പ്രത്യാരോപണങ്ങളുമായി സജീവമാണ്. പോസ്റ്റുകൾ പരമാവധി ആളുകളിലെത്തിക്കുക, ഷെയറുകളുടെ എണ്ണം കൂട്ടുക എന്നിവയാണ് പ്രധാന അജണ്ട. രാഷ്ട്രീയ എതിരാളികൾക്ക് നേരെ ട്രോളുകൾ ഇറക്കുക, നേതാക്കളുടെ പ്രസംഗങ്ങളുടെ പ്രസക്ത ഭാഗങ്ങൾ വൈറലാക്കുക എന്നിവയാണ് പോരാളിമാരുടെ പ്രധാന ജോലി. എതിരാളികളുടെ പഴയകാല പോസ്റ്റുകൾ കുത്തിപ്പൊക്കുക, നയവ്യതിയാനങ്ങൾ ഉയർത്തിക്കാട്ടുക എന്നിവയും പ്രധാനമാണ്.

വെട്ടിൽവീഴാതെ

നോക്കണം

മുൻകരുതലോടെ വേണം സൈബറിടങ്ങൾ കൈകാര്യം ചെയ്യാൻ. ഡീപ്പ് ഫേക്കിന്റെ കാലമാണ്. സ്ഥാനാർത്ഥികളെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ മോർഫ് ചെയ്തതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കെട്ടിച്ചമച്ചതുമായ വീഡിയോകൾ പ്രചരിക്കാം.