പുതുതായി നൂറിലേറെ കുഞ്ഞുങ്ങൾ
മൂന്നാർ: ഇരവികുളം ദേശീയോദ്യാനത്തിലെ മലഞ്ചെരിവുകളിലും പാറക്കെട്ടുകളിലും അമ്മമാർക്കൊപ്പം തുള്ളിക്കളിയ്ക്കുന്ന വരയാടിൻ കുഞ്ഞുങ്ങളെ ഇപ്പോൾ സഞ്ചാരികൾക്ക് നേരിൽ കാണാം, ചിത്രങ്ങൾ പകർത്താം. വരയാടുകളുടെ പ്രജനന കാലം പ്രമാണിച്ച് ഫെബ്രുവരി ഒന്നിന് അടച്ച പാർക്ക് ഇന്നലെ തുറന്നു. ഈ സീസണിൽ ഇതുവരെ 110 കുഞ്ഞുങ്ങൾ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. ഏപ്രിൽ അവസാനം വരയാടുകളുടെ ഔദ്യോഗിക കണക്കെടുപ്പ് നടക്കും. കഴിഞ്ഞ വർഷം മേയിൽ നടത്തിയ കണക്കെടുപ്പിൽ മേഖലയിൽ 803 വരയാടുകളെ കണ്ടെത്തിയിരുന്നു. ഇതിൽ 128 എണ്ണം കഴിഞ്ഞ വർഷം പുതുതായി പിറന്ന കുഞ്ഞുങ്ങളായിരുന്നു. ഇത്തവണ ഇതിൽക്കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാകുമെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടൽ. ഉദ്യാനത്തിലെ ടൂറിസം മേഖലയായ രാജമലയിലാണ് വരയാടുകളെ കാണാൻ കഴിയുക.
രണ്ട് മാസം പ്രസവാവധി
സഞ്ചാരികളുടെ ശല്യമുണ്ടാകാതെ വരയാടുകളുടെ സുഖപ്രസവത്തിനും കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കുമായാണ് രണ്ട് മാസം ഉദ്യാനം അടച്ചിടുന്നത്. കീഴ്ക്കാംതൂക്കായ പാറക്കെട്ടുകൾക്കിടയിലാണ് വരയാടുകൾ പ്രസവിക്കുന്നത്. മൂന്നാഴ്ച കഴിഞ്ഞാലേ കുഞ്ഞുങ്ങളുമായി ഇവ പുറത്തു വരൂ. സാധാരണ ഒരു പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാവുക. അപൂർവമായി ഇരട്ടകളും ഉണ്ടാകും. ജനുവരി മുതൽ മാർച്ച് വരെയാണ് സാധാരണ പ്രജനനകാലം. ഈ സമയങ്ങളിൽ സന്ദർശകരെ അനുവദിക്കാറില്ല. ആനമുടി, രാജമല, പെരുമാൾമല, പൂവാർ, ചിന്നപൂവാർ, വരയാറ്റ് മുടി, ക്യാമ്പ്മല തുടങ്ങിയ 13 ബ്ലോക്കുകളിലാണ് വരയാടുകൾ കാണപ്പെടുന്നത്.
വേഗത്തിൽ ബുക്ക് ചെയ്യാം
രാജമല സന്ദർശനം പൂർണമായി ഓൺലൈൻ സംവിധാനമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ മുതൽ വാട്‌സ്ആപ്പ് വഴി ലഭിക്കുന്ന ക്യൂആർ കോഡ് വഴി ചാറ്റ്‌ബോട്ടിൽ പോയി വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രവേശന ഫീസ്
വിദേശികൾക്ക്: 500 രൂപ
സ്വദേശികൾക്ക്: 200 രൂപ
കുട്ടികൾക്ക്: 150 രൂപ
പരമാവധി: ഒരു ദിവസം 2800 പേർ
പ്രവേശനം: രാവിലെ 8- വൈകിട്ട് 4.30