തൊടുപുഴ: രാജ്യത്തിന്റെ നന്മകളെ കെടുത്തികളയുന്ന ബിജെപി സർക്കാരിനും അഴിമതിയും സ്വജനപക്ഷപാതവും വാഗ്ദാനലംഘനവുമായി ഭരണം നടത്തുന്ന ഇടതുസർക്കാരിനുമെതിരെ കേരളത്തിലെ പെൻഷൻ സമൂഹത്തിന്റെ പ്രതിഷേധം അറിയിക്കുന്നതിനായി തെരഞ്ഞെടുപ്പിൽ വോട്ടവകാശം പ്രതിഷേധ ആയുധമായി മാറ്റുന്നതിന് പെൻഷനേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനമെടുത്തു. ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡീൻ കുര്യാക്കോസിന്റെ വിജയത്തിന് ബൂത്ത്തലം മുതൽ ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള ക്രമീകരണങ്ങൾ ജില്ലാ കമ്മിറ്റി ചെയ്യുകയുണ്ടായി. ഏപ്രിൽ 4ന് തൊടുപുഴയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കൺവൻഷനിൽ കുടുംബസമേതം പെൻഷൻകാർ പങ്കാളികളാകുമെന്ന് നേതാക്കൾ അറിയിച്ചു. ഒരു ദിവസത്തെ പെൻഷൻ തുക തിരഞ്ഞെടുപ്പ് പ്രവർത്തന ഫണ്ടിലേക്ക് സംഭാവനയായി നൽകാനും കമ്മിറ്റി തീരുമാനിച്ചു. അടിമാലി, തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, പീരുമേട് എന്നീ കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണയോഗങ്ങൾ നടത്താൻ തീരുമാനമെടുത്തു. ജില്ലാ പ്രസിഡന്റ് പി.കെ. ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐവാൻ സെബാസ്റ്റ്യൻ, റ്റി.എം. ജോയി, കെ.എ. മാത്യു, സി. തങ്കദുരൈ, കെ.എസ്. ഹസൻകുട്ടി, റ്റി.ജെ. പീറ്റർ, വി.എ. ജോസഫ്, കെ.ആർ. ഉണ്ണികൃഷ്ണൻനായർ, ജോസ് വെട്ടിക്കാല, അൽഫോൻസാ ജോസഫ്എന്നിവർ സംസാരിച്ചു.