തൊടുപുഴ:കുമ്പംകല്ല് മേഖലയിലെ പതിനെട്ടാം വാർഡിലെ നിരന്തരമായ വൈദ്യൂതി മുടക്കവും വോൾട്ടേജ് ക്ഷാമവും പരിഹരിക്കണ മെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ എം.എ കരീമിന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗ് ഭാരവാഹികൾ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനിയർക്കും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർക്കും നിവേദനം നൽകി. കഴിഞ്ഞ കുറെ നാളുകളായി മേഖലയിൽ വൈദ്യുതി മുടക്കം പതിവാണ്. കൊടും ചൂടിൽ രാത്രികാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. വോൾട്ടേജ് ക്ഷാമം രൂക്ഷമായതിനാൽ വെള്ളം ഉൾപ്പടെ വീടുകളെ ആവശ്യങ്ങൾ പ്രതിസന്ധിയിലാണ്. അടിയന്തിര നടപടി സ്വീകരിക്കരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് മുസ്ലിം ലീഗ് നേതാക്കൾ അറിയിച്ചു. നിവേദനത്തെ തുടർന്ന് ലോഡ് കുറവുള്ള ട്രാൻസ്‌ഫോർമറുകളിലേക്ക് കണക്ഷനുകൾ ഉടൻ മാറ്റി സ്ഥാപിക്കാമെന്നും ശാശ്വത പരിഹാരമായി കെ.എസ്.ഇ.ബിയുടെ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി പുതിയ ട്രാൻസ്‌ഫോർമർ കുമ്മംകല്ല് വലിയജാരം ഭാഗത്ത് സ്ഥാപിക്കുമെന്നും കെ.എസ്.ഇ.ബി അധികൃതർ ഉറപ്പ് നൽകി.
മുസ്ലിം ലീഗ് നേതാക്കളായ കെ.എച്ച് അബ്ദുൽ ജബ്ബാർ, എ.എം നജീബ്, കെ.എച്ച് അബ്ദുൽ കരീം, അഷറഫ് പള്ളിമുക്കിൽ, വഹാബ് മാട്ടയിൽ, അനസ് പി.ബി, ഒ.ജെ അബു, റസാഖ് പുതിയകുന്നേൽ, നിസാർ എം.എ, സൽമാൻ ഹനീഫ് എന്നിവർ സംബന്ധിച്ചു.