poth
സ്പ്രിംഗ് വാലിയിലെ ആക്രമണകാരിയായ കാട്ട് പോത്ത്.

കുമളി: സ്പ്രിംഗ് വാലിയിൽ കാട് ഇറങ്ങിയ കാട്ടുപോത്തിൻ കൂട്ടത്തെ ഇന്നലെയും തുരത്താനാവാതെ വനം വകുപ്പ്. പെരിയാർ ടൈഗർ റിസർവ്വിന്റെ അതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് മുൻപ് രണ്ടോ മൂന്നോ പോത്തുകൾ കാടിറങ്ങിയിരുന്നു.പിന്നീട് ഇവ കാട്ടിലേക്ക് തിരിച്ചു കയറിയിട്ടില്ല. നാട്ടിലെത്തിയ കാട്ടുപോത്തുകളുടെ വംശപരമ്പരയാണിപ്പോൾ ജനങ്ങളുടെ ജീവന് ഭീഷണിയായിരിക്കുന്നത്. ഇരുപതിലധികം കാട്ടുപോത്തുകൾ മുല്ലയാർ, സ്പിറിംഗ് വാലി, മുരിക്കടി, ചെളി മട തുടങ്ങിയ കാർഷിക മേഖലകളിലുണ്ടന്നാണ് നാട്ടുകാർ പറയുന്നത്.
ചെളിമട മുതലുള്ള കാപ്പിത്തോട്ടങ്ങളിലും സമീപ പ്രദേശങ്ങളിലെ ഏല തോട്ടങ്ങളിലുമാണ് കാട്ടുപോത്തുകൾ തമ്പടിച്ചിരിക്കുന്നത്. ഇവ തീറ്റ തേടി ഇറങ്ങുന്നത് കാർഷിക മേഖലകളിലാണ്. തൊഴിലാളിളെ കാട്ടുപോത്തുകൾ വിരട്ടി ഓടിക്കുന്നതും
ഇവിടെ സ്ഥിരം സംഭവമാണ്. കാട്ടുപോത്തിന്റെ മുന്നിൽ പെട്ടാൽ ഇവ രക്ഷപെടാൻ പേടിച്ച് ആക്രമണം നടത്തുന്നവയാണെന്നാണ് വനപാലകരുടെ പക്ഷം.സ്പി റിംഗ് വാലിയിൽ കൃഷിയിടത്തിൽ കർഷകനായ രാജീവിന് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്.ഗുരുതരമായി പരുക്കേറ്റ രാജീവ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
കാട്ടുപോത്ത് വെട്ടി ഗുരുതരമായി പരിക്കേറ്റു ആശുപത്രിയിൽ കഴിയുന്ന കർഷകന് ചികിത്സാ ചിലവുകൾക്ക് ഇനിയും സാമ്പത്തിക സഹായം ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ

തേക്കടി റേഞ്ച് ഓഫിസർ സിബി, പി.ടി.ആർ. വെറ്റിനറി സർജൻ അനുരാജ്, കുമളി റേഞ്ചാഫിസർ അനിൽകുമാർ , വള്ളക്കടവ് റേഞ്ച് ഓഫീസർ അജയ് ഘോഷ് എന്നിവർ അടങ്ങുന്ന പ്രത്യേക ടീമാണ് കാട്ടുപോത്തുകളെ തുരത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്.
വനാതിർത്തിയിൽ ഡ്രോൺ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി കാട്ടുപോത്തിനെ തിരയുന്നുണ്ടെങ്കിലും ആക്രമണത്തിനു ശേഷം കാട്ട് പോത്ത് സ്ഥിരമായി കണ്ടിരുന്നിടത്തൊരിടത്തും കണ്ടിട്ടില്ലന്നാണ് നാട്ടുകാർ പറയുന്നത്.


വേലികൾ

സ്ഥാപിച്ച് തുടങ്ങി

സ്പ്രിംഗ് വാലി വനാതിർത്തിയിലെ നാല് കിലോമീറ്റർ തകർന്ന വേലികൾ പ്രദേശവാസികൾ നശിപ്പിച്ചതാണെന്ന് ആരോപിച്ച് വനം വകുപ്പ് കുമളി പൊലീസിൽ പരാതിനൽകിയിട്ടുണ്ട്. തകർന്ന നാല് കിലോമീറ്റർ വേലിയുടെ അടിയന്തിര അറ്റകുറ്റപണികൾ ആരംഭിച്ചു. ഈ ജോലികൾ പൂർത്തിയായാൽ തൊണ്ടിയാർ ഫോറസ്റ്റ് സ്റ്റേഷൻ വരേയുള്ള അതിർത്തി സുരക്ഷിതമാകും. ഇതിനു ശേഷമുള്ള അഞ്ച് കിലോമീറ്റർ അതിർത്തിയിൽ വേലി സ്ഥാപിക്കുന്നതിന് ടെണ്ടർ നടപടികൾ ആരംഭിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.