കട്ടപ്പന: അഞ്ചുരുളി ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ആശുപത്രിയിൽ എത്തിക്കാൻ മണിക്കൂറുകൾ വൈകി. ഫയർ ഫോഴ്‌സിനെ കാത്തെങ്കിലും ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെയാണ് പെൺകുട്ടിയുടെ ജഡം പുറത്തെടുത്തത്. വിവരം അറിഞ്ഞയുടൻ വാർഡ് മെമ്പർ അടക്കം കട്ടപ്പന ഫയർ ഫോഴ്‌സിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഒടുവിൽ പൊലീസ് ഇടപെട്ട് ഫയർ ഫോഴ്‌സ് എത്തിയെങ്കിലും മൃതദേഹം ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് പോലും ഇവർ കൊണ്ടുവന്നില്ല. ആംബുലൻസ് എത്തിക്കണമെന്ന് പൊലീസ് നിർദേശിച്ചിരുന്നതായി ദൃക്‌സാക്ഷികളും പറയുന്നു. ഞായറാഴ്ച രാത്രി 11.30ന് മൃതദേഹം കരയ്‌ക്കെക്കെത്തിച്ചെങ്കിലും പുലർച്ചെ ഒന്നരയോടെയാണ് മറ്റൊരു സ്വകാര്യ ആംബുലൻസ് എത്തിച്ചു പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനായത്. ഫയർഫോഴ്‌സിന്റെ നിസംഗത നാട്ടുകാർ ചോദ്യം ചെയ്തത് വലിയ വാക്കേറ്റത്തിനും കാരണമായി. ഞായറാഴ്ച രാത്രിയാണ് കോമ്പയാർ സ്വദേശിനി അഞ്ജലി ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ പെൺകുട്ടിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അഞ്ചുരുളിയിൽ എത്തിയതായി വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.