ഇടുക്കി: തിരഞ്ഞെടുപ്പിൽ 85 വയസുപിന്നിട്ട വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഇന്ന് വരെയാണ്. ബൂത്ത് ലെവൽ ഓഫീസർമാർ മുഖേനെ 12 ഡി ഫോമിൽ നിർദിഷ്ട വിവരങ്ങൾ രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസർമാർക്കു സമർപ്പിക്കണം. ഇവർക്കു മുൻകൂട്ടി അറിയിപ്പ് നൽകിയശേഷം താമസസ്ഥലത്തുവച്ചുതന്നെ തപാൽ വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏർപ്പെടുത്തും. ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കുന്ന സമയത്ത് വോട്ടർ സ്ഥലത്തില്ലെങ്കിൽ വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനുള്ളിൽ വീണ്ടും സന്ദർശിക്കണമെന്നാണ് ചട്ടം. ഭിന്നശേഷിക്കാർ 12 ഡി അപേക്ഷാ ഫോമിനൊപ്പം അംഗീകൃത ഡിസബിലിറ്റി സർട്ടിഫിക്കേറ്റ് ( 40 ശതമാനം ) സമർപ്പിക്കേണ്ടതുണ്ട്. ഭിന്നശേഷിക്കാർക്ക് പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ സാധിക്കുമെങ്കിൽ അതിനുള്ള അവകാശവും അവർക്ക് ഉണ്ടായിരിക്കും .