hospital

തൊടുപുഴ: ദിവസവും ആയിരത്തിലേറെ രോഗികൾ എത്തുന്ന തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കേണ്ട അത്യാഹിത വിഭാഗത്തിൽ നാല് ഡോക്ടർമാരുടെ തസ്തിക മാത്രമാണ് നിലവിലുള്ളത്. ഇതിൽ ഒരെണ്ണം ആറ് മാസമായി ഒഴിഞ്ഞ് കിടക്കുന്നു. ഒരാൾ മെഡിക്കൽ ലീവിലാണ്. എൻ.എച്ച്.എം വഴിയും അഡ്‌ഹോക്ക് വഴിയും താത്കാലിക ഡോക്ടർമാരെ നിയമിച്ചാണ് നേരത്തെ അത്യാഹിത വിഭാഗം മുമ്പോട്ട് കൊണ്ടുപോയിരുന്നത്. എന്നാൽ പി.ജി എൻട്രൻസ് പരീക്ഷയുള്ളതിനാൽ താത്കാലിക ഡോക്ടർമാർ ജോലി നിറുത്തി. ഇതോടെ സ്പെഷ്യാലിറ്റി ഡോക്ടർമാരെ അത്യാഹിത വിഭാഗത്തിൽ നിയോഗിച്ചാണ് ഇപ്പോൾ പ്രതിസന്ധി മറികടക്കുന്നത്. ഇത് സ്പെഷ്യാലിറ്റി ഒ.പിയിലെത്തുന്ന രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. പുതിയ തസ്തികൾ നികത്താത്തതിനാലും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാത്തതിനാലും ജില്ലാ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലാണെന്ന് കെ.ജി.എം.ഒ.എ പറയുന്നു.

താലൂക്ക് ആശുപത്രിയുടെ

സ്റ്റാഫ് പാറ്റേൺ

തൊടുപുഴ താലൂക്ക് ആശുപത്രി എട്ട് വർഷം മുമ്പ് ജില്ലാ ആശുപത്രിയായി ഉയർത്തിയെങ്കിലും ഇതനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ ഇനിയും ഇവിടെ സാധ്യമായിട്ടില്ല. എട്ടു ഡോക്ടർമാരെങ്കിലും ഉണ്ടെങ്കിലേ കാഷ്വൽറ്റിയുടെ പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാകൂവെന്നു ആശുപത്രി അധികൃതർ പറയുന്നു. അസി. സർജന്റെ ഒരു തസ്തിക പോലും ഇവിടെ സൃഷ്ടിച്ചിട്ടില്ല. ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും നെഫ്രോളജിസ്റ്റിന്റെ സേവനം ഇപ്പോഴും ലഭ്യമല്ല. ന്യൂറോളജിസ്റ്റ്, ഫോറൻസിക് സർജൻ എന്നിങ്ങനെ തസ്തികകളും ഇതുവരെ സൃഷ്ടിച്ചിട്ടില്ല. സ്റ്റാഫ് നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ്, ഫാർമസിസ്റ്റ്, ലാബ്–എക്‌സ്രേ ടെക്‌നിഷ്യൻ തുടങ്ങി എല്ലാ വിഭാഗത്തിലും ജീവനക്കാരുടെ കുറവ് പ്രശ്‌നമായി തുടരുകയാണ്.