valanjaganam
വറ്റിവരണ്ട വളഞ്ഞാങ്ങാനം വെള്ളച്ചാട്ടം

ഇടുക്കി: കൊടിയ വേനലിൽ ഇടുക്കിയുടെ മലയോരങ്ങളിൽ പാൽപുഞ്ചിരി തൂകി ഒഴുകിക്കൊണ്ടിരിക്കുന്നവെള്ളച്ചാട്ടങ്ങൾ പതിയെ വറ്റിവരണ്ട് അപ്രത്യക്ഷമായി. ഇതോടെ ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന വ്യാപാരികൾ പ്രതിസന്ധിയിലായി. മഴക്കാലത്ത് പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ ഇടുക്കിയുടെ പ്രത്യേകതയാണ്. വളഞ്ഞങ്ങാനം, ചെല്ലാർകോവിൽ, വാളറ, ചീയപ്പാറ എന്നിവയെല്ലാം നിരവധി സഞ്ചാരികളെയാണ് ആകർഷിച്ചിരുന്നത്. തേക്കടിയിലേക്കും മൂന്നാറിലേക്കുമൊക്കെ പോകുന്ന സഞ്ചാരികൾ ഇവിടെ വാഹനം നിറുത്തി വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം ആസ്വദിച്ച ശേഷമായിരുന്നു പോയിരുന്നത്. സഞ്ചാരികളുടെ ഇടത്താവളമായ ഇവിടങ്ങളിൽ നിരവധി പേരാണ് ചെറിയ കച്ചവടവും മറ്റും നടത്തി നിത്യച്ചെലവിലുള്ള വരുമാനം കണ്ടെത്തിയിരുന്നത്. എന്നാൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും മറ്റും വെള്ളച്ചാട്ടത്തിന്റെ ദൃശ്യം കണ്ട് അറിഞ്ഞ് കേരളത്തിന് പുറത്ത് നിന്നും അകത്ത് നിന്നും എത്തുന്ന സഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്. വേനൽ കടുത്തതോടെയാണ് പ്രധാന പാതയിലുള്ള വെള്ളച്ചാട്ടങ്ങൾ ഇല്ലാതായത്. ഇതോടെ കച്ചവക്കാരിൽ പലരും കടകളടച്ച് മറ്റു പണികൾക്ക് പോകേണ്ട അവസ്ഥയിലായി. കേരളത്തിനത്തും പുറത്തു നിന്നുമെത്തുന്ന സഞ്ചാരികളും നിരാശരായി മടങ്ങുകയാണ്. മുമ്പെങ്ങുമില്ലാത്ത വിധമാണ് വേനൽ ആരംഭിച്ചപ്പോൾ തന്നെ ഇത്തവണ വെള്ളമില്ലാതായത്. ഇനി രണ്ടു മാസം എങ്ങനെ കഴിയുമെന്നതാണ് വെള്ളച്ചാട്ടങ്ങളെ ആശ്രയിച്ച് ജീവിച്ചിരുന്നവരുടെ ആധി.

ആ പദ്ധതി നടപ്പിലാകുമോ

മുണ്ടക്കയം- കുമളി പാതയിൽ സഞ്ചാരികളുടെ പ്രധാന ഇടത്താവളമായ വളഞ്ഞാങ്ങാനം വെള്ളച്ചാട്ടം വർഷം മുഴുവൻ സജീവമാക്കാൻ പീരുമേട് ഗ്രാമപഞ്ചായത്ത് തീരുമാനങ്ങൾ എടുത്തെങ്കിലും നടപടി വൈകുകയാണ്. സാധാരണ മഴക്കാലത്ത് മാത്രമാണ് ഈ വെള്ളച്ചാട്ടം സജീവമാകൂ. അപ്പോൾ ഇവിടെ നിന്ന് ചിത്രങ്ങൾ പകർത്താനും പാറയ്ക്ക് മുകളിൽ നിന്ന് ഒഴുകി എത്തുന്ന വെള്ളത്തിൽ കുളിക്കാനും ആൾത്തിരക്ക് ഏറെയാണ്. നിരവധി സിനിമകൾക്കും ഇവിടം വേദിയായിട്ടുണ്ട്. ഇതോടെയാണ് പീരുമേട് പഞ്ചായത്ത് ഇവിടെ വർഷം മുഴുവനായി വെള്ളച്ചാട്ടം നിലനിർത്തുന്നതിന് പദ്ധതികൾ ആവിഷകരിച്ചത്. അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ചെക്ക്ഡാം പണിത് വെള്ളം ശേഖരിച്ച് വെള്ളച്ചാട്ടം കൃത്രിമമായി തയ്യാറാക്കുന്നതായിരുന്നു പദ്ധതി. ഇവ നടപ്പിലായാൽ കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിച്ച് പ്രദേശത്തിന്റെ വികസനത്തിനും മുതൽകൂട്ടാകും. എന്നാൽ പദ്ധതി ഇപ്പോഴും ശൈശവാവസ്ഥയിൽ തന്നെയാണ്‌.