ആലക്കോട്: ആലക്കോട് പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന തോട്ടുപുറം പാറമടയുടെ പ്രവർത്തനം വീണ്ടും തുടങ്ങുന്നതിനുള്ള നീക്കം അനുവദിക്കരുതെന്ന് ആലക്കോട്-ഇഞ്ചിയാനി അതിജീവന സമിതി പ്രവർത്തകയോഗം ആവശ്യപ്പെട്ടു. പാറമടയുടെ സമീപത്തുള്ള വീടുകളുടെ ഭിത്തികൾ വിണ്ടുകീറുന്നതും വിള്ളലുകൾ വലുതാകുന്നതും മൂലം അപകട സാദ്ധ്യത വർദ്ധിച്ചതും അധികാരികൾ ഗൗരവപൂർവ്വം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.അതിജീവന സമിതി ചെയർമാൻ ബേബി വടക്കേക്കര അദ്ധ്യക്ഷനായ യോഗം കെ.കെ. ജിൻഷു ഉദ്ഘാടനം ചെയ്തു. എൻ.വിനോദ്കുമാർ, കെ.കെ. മണി, കെ.എം. സാബു, ജയിംസ് കോലാനി, ജേക്കബ് എം.വൈ., ജോയി പുളിയംമാക്കൽ, സൗമ്യ പീറ്റർ, ഡെയ്‌സി പൗലോസ് തുടങ്ങിയവർ സംസാരിച്ചു.