10195 പെരുമാറ്റചട്ട ലംഘനങ്ങളിന്മേൽ നടപടി
ഇടുക്കി : ലോക്‌സഭാ മണ്ഡലത്തിൽ ഫ്‌ളയിങ് സ്‌ക്വാഡും ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡും ചേർന്ന് പൊതുസ്ഥലങ്ങളിൽ മാതൃകാ പെരുമാറ്റചട്ടങ്ങൾക്ക് വിരുദ്ധമായി സ്ഥാപിച്ച 10195 വസ്തുവകകൾ നീക്കം ചെയ്തു. മാർച്ച് 16 മുതൽ ഏപ്രിൽ രണ്ട് വരെയുള്ള കണക്കാണിത്. 7860 പോസ്റ്ററുകളും1573 ബാനറുകളും 758 കൊടികളും നീക്കം ചെയ്തവയിൽപ്പെടുന്നു. ഇതിൽ 1689 പരാതികൾ സിവിജിൽ ആപ്പ് മുഖേനയാണ് ലഭിച്ചത്.
പൊതുജനങ്ങൾക്ക് ചട്ടലംഘനങ്ങൾ സംബന്ധിച്ച ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോകൾ എന്നിവ പകർത്തി പരാതിയായി അറിയിക്കാനുള്ള സംവിധാനമാണ് സിവിജിൽ ആപ്പ്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യാം. . പേര് വെളിപ്പെടുത്തിയും അല്ലാതെയും പരാതി നൽകാം. പേര് വെളിപ്പെടുത്തിയാണ് പരാതി നൽകുന്നതെങ്കിൽ മൊബൈൽ നമ്പർ നൽകണം. ഫോണിൽ ലഭിക്കുന്ന നാലക്ക ഒ ടി പിയും അടിസ്ഥാന വിവരങ്ങളും നൽകി ലോഗിൻ ചെയ്ത് പരാതി രേഖപ്പെടുത്താം. പേര് വെളിപ്പെടുത്താൻ താൽപര്യമില്ലെങ്കിൽ അജ്ഞാതൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പരാതി സമർപ്പിക്കണം. അജ്ഞാത പരാതികളുടെ തുടർനടപടികൾ അറിയാനാകില്ല.
തുടർന്ന് ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിൽ ഏതെങ്കിലും തെരഞ്ഞെടുക്കണം. അപ്പോൾ തന്നെ പരാതിക്കാരന്റെ ലൊക്കേഷൻ ആപ്പിൽ രേഖപ്പെടുത്തും. ഫോട്ടോ/വീഡിയോ/ഓഡിയോ രൂപത്തിലുള്ള പരാതി, പരാതിയുടെ സ്വഭാവം, സംഭവത്തിന്റെ വിശദാംശങ്ങൾ എന്നിവ രേഖപ്പെടുത്തിയ ശേഷം സമർപ്പിക്കുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. ആപ്പിൽ പ്രവേശിച്ച് അഞ്ച് മിനുട്ടിനകം ഈ നടപടികൾ പൂർത്തിയാക്കില്ലെങ്കിൽ സമയപരിധി അവസാനിക്കും. അങ്ങനെ സംഭവിച്ചാൽ വീണ്ടും ആപ്പ് തുറന്ന് പരാതി നൽകാം. ചട്ടലംഘനം കണ്ടെത്തിയ സ്ഥലത്ത് നിന്നുതന്നെ പരാതി സമർപ്പിക്കണം.
പരാതികളിൽ 100 മിനുട്ടിനുള്ളിൽ നടപടിയാകും. പണം, സമ്മാനം, മദ്യം എന്നിവയുടെ വിതരണം, അനുമതിയില്ലാതെ ബാനർ, പോസ്റ്ററുകൾ സ്ഥാപിക്കൽ, ആയുധങ്ങൾ പ്രദർശിപ്പിക്കൽ,ഭീഷണിപ്പെടുത്തൽ, മതപരമോ വർഗീയമോ ആയ സന്ദേശങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ പരാതികൾ ആപ്പിലൂടെ നൽകാനാകും.