തൊടുപുഴ: ഗുണനിലവാരത്തിൽ മികവു പുലർത്തുന്ന വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് വിദേശ രാജ്യങ്ങളിലുൾപ്പെടെ വിതരണം ചെയ്യുന്ന തൊടുപുഴ തരണിയിൽ ഓയിൽ മിൽസിന് സംസ്ഥാന സർക്കാരിന്റെ ജില്ലയിലെ മികച്ച സംരംഭക അവാർഡ്. വർഷങ്ങളായി വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് ടിവിസി എന്ന ബ്രാൻഡിൽ വിപണിയിൽ വിതരണം ചെയ്തുവരുന്ന സ്ഥാപനമാണ് തരണിയിൽ ഓയിൽ മിൽസ്. ജില്ലയിലെ 60 ശതമാനത്തോളം വരുന്ന ഹോട്ടലുകൾ, ചിപ്സ് നിർമാണ യൂണിറ്റുകൾ, കേറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ ഇവിടെ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. ഇതിനു പുറമെ നൂറുകണക്കിന് കുടുംബങ്ങൾ ഈ വെളിച്ചെണ്ണയുടെ ഉപഭോക്താക്കളാണ്.
തരണിയിൽ ടി.വി ചാക്കോയാണ് 47 വർഷം മുമ്പ് തൊടുപുഴ കേന്ദ്രീകരിച്ച് വെളിച്ചെണ്ണ നിർമാണ യൂണിറ്റ് ആരംഭിച്ചത്. ഇപ്പോൾ യൂണിറ്റിൽ പത്തോളം റോട്ടറി ചക്കുകൾ സ്ഥാപിച്ച് ഉത്പാദനം മൂന്നിരട്ടിയായി വർദ്ധിപ്പിച്ച് ടിവിസി എന്ന ബ്രാൻഡിൽ കടകൾ, സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ വിതരണം ചെയ്തു വരുന്നുണ്ട്.
ദുബായ്, ഓസ്ട്രേലിയ, ജർമനി എന്നി രാജ്യങ്ങളിലേക്കും വെളിച്ചെണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. കേരളത്തിൽ നിന്നുള്ള മികച്ച കൊപ്ര സംഭരിച്ച് പരമ്പരാഗതമായ രീതിയിൽ ആട്ടിയെടുക്കുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. ഇതാണ് ഉത്പ്പന്നത്തിന്റെ ഗുണനിലവാരത്തിന് കാരണം. പൊതുപ്രവർത്തകനും വ്യാപാരി സംഘടനാ നേതാവുമായ ടി.സി. രാജു തരണിയിൽ ആണ് ഇപ്പോൾ ഇതിന്റെ സാരഥി. ജില്ലയിൽ മികച്ച കയറ്റുമതി അധിഷ്ഠിത യൂണിറ്റായി സിഗ്നേച്ചർ ഫോം പ്രൈവറ്റ് ലിമിറ്റഡിനെയും മികച്ച മുനിസിപ്പാലിറ്റിയായി തൊടുപുഴയെയും പഞ്ചായത്തായി അടിമാലിയെയും തെരഞ്ഞെടുത്തു. അവാർഡിന് അർഹരായവരെ കെ.എസ്.എസ്. ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ധീൻ ഉൾപ്പെടുന്ന കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. ജില്ലയ്ക്ക് ലഭിച്ച അവാർഡുകൾ വ്യവസായ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയോരുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബേബി ജോർജ്, സെക്രട്ടറി റെജി വർഗീസ് എന്നിവർ പറഞ്ഞു.