thapal

ബ്രാഞ്ച് ഓഫീസുകളുടെ പ്രവർത്തനം നിലയ്ക്കുന്നു

കുമളി : ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിൽ പോസ്റ്റ്മാൻമാരുടെ എണ്ണത്തിൽ കുറവ് മൂലം തപാൽ ഉരുപ്പടികൾ കെട്ടിക്കിടക്കുന്നു. ഒരു പോസ്റ്റ്മാൻമാത്രമാണ് കുമളി മെയിൻ പോസ്റ്റ് ഓഫീസിന്റെ കീഴിലുള്ള അഞ്ച് ബ്രാഞ്ച് ഓഫീസുകളിലുമുള്ളത്.
അട്ടപ്പള്ളം, അമരാവതി, ചക്കുപള്ളം, സ്പ്രിംഗ് വാലി തേക്കടി എന്നിങ്ങനെയാണ് കുമളിക്ക് കീഴിലുള്ള ബ്രാഞ്ച് പോസ്റ്റ്ഓഫീസുകൾ. ഇവിടെയൊക്കെ ഓരോ പോസ്റ്റ്മാൻമാത്രമാണ്. വർഷങ്ങൾക്ക് മുൻപുള്ള കണക്ക് പ്രകാരമുള്ള ജനസംഖ്യ അനുസരിച്ചുള്ള നിയമനം. മുൻപ് വിരലിലെണ്ണാവുന്ന കുടുംബങ്ങൾ താമസിച്ചിരുന്ന പ്രദേശങ്ങൾ ഇന്ന് ജനനിബിഡമാണ് . ആയിരക്കണക്കിനാളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളായി മിക്ക സ്ഥലങ്ങളും. അട്ടപ്പള്ളം, അമരാവതി, സ്പ്രിംഗ് വാലി , ചക്കുപള്ളം, തേക്കടിപ്രദേശങ്ങളെല്ലാം ജനനിബിഡ പ്രദേശങ്ങളായി മാറി. അട്ടപ്പള്ളം ഓഫീസിന്റെ കീഴിൽ ഒരു പോസ്റ്റ്മാൻമാത്രം. ദിവസേന 150 ഓളം രജിസ്‌ട്രേർഡ് ഉരുപ്പടികളാണ് ഇവിടെത്തുന്നത്. പാസ്‌പോർട്ട്, സർക്കാർ ജോലിക്കുള്ള കത്തുകൾ, ഡ്രൈവിംഗ് ലൈസൻസ്, മണിയോർഡർതുടങ്ങി എല്ലാമുണ്ട്. ചക്കുപള്ളത്ത് രണ്ട് പോസ്റ്റ്മാൻ ഉണ്ടെങ്കിലും സ്ഥിതി വ്യത്യസ്തമല്ല. ഒരു പോസ്റ്റ്മാൻ ഒരു ദിവസം സഞ്ചരിക്കുന്നത് പോസ്റ്റ് ഓഫീസിൽ നിന്നും തിരിച്ചും ദിവസം കുറഞ്ഞത് 40 കിലോമീറ്റർ. അന്യ ജില്ലകളിൽ നിന്നുമാണ് മിക്കവരും ഉള്ളത്. വാടക ഭക്ഷണം വാഹന ഇന്ധനം വകയിൽ പതിനായിരം പോകും. മിച്ചം കിട്ടുക തുശ്ചമായ പൈസ.സ്ഥിര നിയമനമുള്ളതിനാലാണ് മിക്കവരും ഈ ജോലിയിൽ കഴിയുന്നത്. നിയമനം താമസിച്ചാൽ വർഷങ്ങളെടുത്താൽ ഇവരുടെ ഗതി ഊഹിക്കാവുന്നതിലപ്പുറം. ജില്ലയിൽ വർക്ക് ലോഡ് കുറവുള്ള ഓഫീസുകളിൽ പോസ്റ്റ്മാൻമാരുടെ എണ്ണം കൂടുതലുണ്ട്. അട്ടപ്പള്ളം പോലുള്ള പ്രദേശങ്ങളിലെ ഓഫീസുകളിൽ കൂടുതൽ പോസ്റ്റ്മാൻമാരെ നിയമിക്കേണ്ട കാലം കഴിഞ്ഞു.
പോസ്റ്റ് ഓഫീസുകളിൽ രജിസ്റ്റർ തയ്യാറാക്കി വിതരണം ആരംഭിക്കുമ്പോഴേയ്ക്കും ഉച്ചകഴിയും. ഇത് പലപ്പോഴും യഥാസമയത്ത് പല കത്തുകളും വിലാസക്കാരനിൽ എത്താൻ കാലതാമസം നേരിടുന്നതിന് കാരണമാകുന്നുണ്ട്.ബ്രാഞ്ച് ഓഫീസുകളോട് പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിന്റെ ഇപ്പോഴത്തെ നയത്തിൽ ജീവനക്കാർക്കിടയിൽ കനത്ത അമർഷമുണ്ട്.

കമ്പ്യൂട്ടർ പ്രിന്റ്

കണികാണാനില്ല

പോസ്റ്റ് മാൻമാർക്ക് ജോലിഭാരം കുറയ്ക്കാൻ രജിസ്‌ട്രേഡ് തപാൽ ഉരുപ്പടികളുടെ കമ്പ്യൂട്ടർ പ്രിന്റ് നൽകിയിരുന്നത് പേപ്പർ ക്ഷാമത്തിന്റെ പേര് പറഞ്ഞ് ഇപ്പോൾ നൽകുന്നില്ല. ഓരോ പോസ്റ്റ് ഓഫീസിലും എത്തുന്ന ഉരുപ്പടികൾ തരംതിരിച്ച് സ്വന്തമായി രജിസ്റ്റർ ഉണ്ടാക്കിയാണ് ഇപ്പോൾ പോസ്റ്റ്മാൻ വിതരണം നടത്തുന്നത്. ഇതിനായി തന്നെ മണിക്കുറുകൾ ചിലവഴിക്കേണ്ടിവരും. നിസാര ചിലവിൽ പരിഹരിക്കാമെന്നിരിക്കിലും പോസ്റ്റൽ വകുപ്പിലെ ഉദ്യോഗസ്ഥർ പോസ്റ്റ്മാൻമാരുടെ ജോലിഭാരം കുറയ്ക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.