കട്ടപ്പന: അഞ്ചുരുളി വിനോദ സഞ്ചാരകേന്ദ്രത്തിൽ സി.സി ടി.വി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം യുവതി അഞ്ചുരുളി ജലാശയത്തിൽ മുങ്ങി മരിച്ചിരുന്നു.ഒപ്പം രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യവും വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നുവരുന്നത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അഞ്ചുരുളി. ദിനം പ്രതി നിരവധി സഞ്ചരികളാണ് ഇവിടെ എത്തുന്നത്. കഴിഞ്ഞ ദിവസം മരിച്ച യുവതി ഇവിടെ എത്തിയ സാഹചര്യം അടക്കം അന്യമാണ്. മൊബൈൽ ലൊക്കേഷൻ അനുസരിച്ചാണ് യൂവതി ഇവിടെ എത്തിയതായി വിവരം ലഭിച്ചത്. ക്യാമറയുടെ അഭാവം മരണവുമായി ബന്ധപെട്ടുള്ള അന്വഷണങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചു.കൂടാതെ അഞ്ചുരുളിയിൽ നിരവധി മരണങ്ങളും ഉണ്ടായിട്ടുണ്ട്. രാത്രി കാലങ്ങളിൽ പലപ്പോഴും സാമൂഹികവിരുദ്ധരുടെ ശല്യവും ഇവിടെയുണ്ട്. ഈ സാഹചര്യത്തിലാണ് സി.സി ടി.വി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നു വരുന്നത്.

മുമ്പും പലതവണ അഞ്ചുരുളിയിൽ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ പഞ്ചായത്തും ടുറിസം വകുപ്പും അതിന് ഒരു നടപടിയും സ്വീകരിച്ചില്ല. വിനോദ സഞ്ചാരികളുടെ സുരക്ഷയടക്കം മുൻനിറുത്തി അടിയന്തരമായി അധികൃതർ മേഖലയിൽ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യമാണ് ശ്ക്തമാകുന്നത്.

ഒറ്റ പാറയിൽ തീർത്ത തുരങ്കം

കട്ടപ്പന- കുട്ടിക്കാനം സംസ്ഥാനപാതയിലെ കക്കാട്ടുകടയിൽ നിന്ന് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ അഞ്ചുരുളിയിൽ എത്താം. ഇടുക്കി അണക്കെട്ടിന്റെ ആരംഭം ഇവിടെ നിന്നാണ്. ഇരട്ടയാറിലെ ഡൈവേർഷൻ ഡാമിൽ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം ഒഴുക്കുന്ന ടണലാണ് പ്രധാന പ്രത്യേകത. 1974 മാർച്ച് 10ന് നിർമ്മാണം ആരംഭിച്ച അഞ്ചുരുളി ടണൽ 1980 ജനുവരി 30ന് ഉദ്ഘാടനം ചെയ്തു. 5.5 കിലോമീറ്റർ നീളവും 24 അടി വ്യാസവുമുള്ള ടണൽ ഇരട്ടയാർ മുതൽ അഞ്ചുരുളി വരെ ഒറ്റപാറയിലാണ് കോലഞ്ചേരിയിലെ പ്രമുഖ കോൺട്രാക്ടർ പൈലി പിള്ളയുടെ നേതൃത്വത്തിൽ നിർമ്മിച്ചത്. രണ്ടിടങ്ങളിൽ നിന്ന് ഒരേ സമയം നിർമാണം ആരംഭിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. ഉള്ളിൽ അരക്കിലോമീറ്ററോളം ദൂരത്തിൽ മാത്രമേ ആവശ്യമായ വെളിച്ചവും വായുവും ലഭ്യമാകൂ.