വണ്ടിപ്പെരിയാർ :കന്നിമാർ ചോലയിൽ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗത്തെ ചിലർ വംശീയമായി അധിഷേപിച്ചതായും സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചതായും പരാതി . വണ്ടിപ്പെരിയാർ പഞ്ചായത്തംഗം എസ്.എ.ജയന് നേരെയാണ് അധിക്ഷേപം ഉണ്ടായത്. പൊലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ വണ്ടിപ്പെരിയാർ എസ്.എച്ച് ഒ യ്ക്കും വംശീയാധിഷേപം നടത്തിയവർക്കെതിരെ പീരുമേട് ഡിവൈ.എസ്.പി.യ്ക്കും പരാതി നൽകി. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വിതരണത്തിനായി ജില്ലാ ഭരണകൂടം പഞ്ചായത്തുകൾക്ക് അനുവദിച്ചതുക ഉപയോഗിച്ച് വണ്ടിപ്പെരിയാർ പഞ്ചായത്തിലെ മൂന്നാം വാർഡ് കന്നിമാർ ചോലയിൽ നടത്തിയ കുടിവെള്ള വിതരണവുമായുള്ള ആക്ഷേപമാണ് പ്രശ്നത്തിനിടയായത്. ദളിത് കോൺഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.