മറയൂർ: തലയാറിൽ പശുവിന് നേരെ കടുവയുടെ ആക്രമണം. തോട്ടം തൊഴിലാളിയായ കന്തസ്വാമിയുടെ പശുവിനെയാണ് ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ കടുവ ആക്രമിച്ചത്. പശുവിന്റെ ദേഹത്ത് ഒട്ടേറെ പരിക്കുകളുണ്ട്. തേയിലത്തോട്ടത്തിൽ കന്തസ്വാമി വളർത്തുന്ന പശുക്കളെ മേയാൻ വിട്ടിരുന്നു. ഇവയെ കൊണ്ടു വരാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ പശുവിനെ കാണുന്നത്. തൊഴിലാളികളുടെ ശബ്ദം കേട്ട് തേയിലത്തോട്ടത്തിനുള്ളിൽ കടുവ മറഞ്ഞതായും പറയുന്നു. കഴിഞ്ഞ ആഴ്ചയും ഇവിടെത്തന്നെ കടുവയുടെ ആക്രമണത്തിൽ ഒരു പശു ചത്തിരുന്നു. പ്രദേശത്ത് കടുവയുടെയും കാട്ടുപോത്തിന്റെയും കാട്ടാനക്കൂട്ടത്തിന്റെയും ആക്രമണം പതിവാകുകയാണ്.