ഇടുക്കി: യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ഇന്ന് നാമനിർദേശ പത്രിക നൽകും. ഉച്ചയ്ക്ക് രണ്ടിന് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് മുമ്പാകെയാണ് പത്രിക സമർപ്പിക്കുന്നത്. രാവിലെ മാതാപിതാക്കളുടെ അനുഗ്രഹം തേടിയ ശേഷം വെള്ളപ്പാറ കൊലുമ്പൻ സമാധിയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ചെറുതോണിയിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലെത്തി യു.ഡി.എഫ് നേതൃയോഗത്തിൽ പങ്കെടുക്കും. മുൻ എം.എൽ.എ എ.കെ. മണിയുടെ നേതൃത്വത്തിലുള്ള മൂന്നാറിലെ തോട്ടം തൊഴിലാളികൾ സമാഹരിച്ചു നൽകുന്ന തുകയാണ് കെട്ടിവയ്ക്കുന്നതിനായി നൽകുന്നത്. പത്രിക സമർപ്പണത്തിൽ ജില്ലയിലെ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിയെ അനുഗമിക്കും.