നെടുങ്കണ്ടം: ടൂറിസം കേന്ദ്രമായ ആമപ്പാറയിൽ വൻ തീപിടിത്തം. അഞ്ച് ഏക്കറിലധികം പുൽമേടുകൾ കത്തി നശിച്ചു. സോളാർ പാനലിലേക്കുള്ള ഒരേക്കറോളം പുൽമേടുകൾ കത്തിയതിനാൽ കുറേയധികം കേബിളുകൾ ഉരുകി നശിച്ചു. സോളാർ പാനലിന് തകരാർ സംഭവിക്കാതെ തീ അണയ്ക്കാൻ കഴിഞ്ഞു. തമിഴ്നാട് അതിർത്തിയിലെ പുൽമേടുകളാണ് അധികവും കത്തിയത്. ആമപ്പാറയിലേക്ക് മൂന്ന്‌ റോഡുകൾ ഉണ്ടെങ്കിലും ഒന്നുപോലും ഗതാഗതയോഗ്യമല്ലാത്തതിനാൽ നെടുങ്കണ്ടത്ത് നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥലത്തെത്തിയത്. പഞ്ചായത്ത് അംഗം വിജിമോൾ വിജയന്റെ നേതൃത്വത്തിൽ പ്രദേശവാസികളും അനിരക്ഷാ സേനാംഗങ്ങളും ചേർന്ന് തീ തല്ലിക്കെടുത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ തമിഴ്‌നാട് അതിർത്തിയിൽ നിന്നുമാണ് തീ കത്തി തുടങ്ങിയത്.