ഇടുക്കി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലിരിക്കെ ഏതെങ്കിലും തരത്തിലുള്ള വൈദ്യസഹായം പോളിങ് ജീവനക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ആവശ്യമായി വന്നാൽ ആധുനികരീതിയിലുള്ള സൗജന്യചികിത്സ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമാണ് നടപടി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ മനോജിനെ തിരഞ്ഞെടുപ്പ് ജീവനക്കാരുടെ ചികിത്സ സംബന്ധിച്ച ജില്ലാ നോഡൽ ഓഫീസറായി നിയമിച്ചു.
ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ആശുപത്രികളിൽ പോളിങ് ജീവനക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുമുള്ള സൗജന്യ ചികിത്സാ ക്രമീകരണങ്ങൾ നോഡൽ ഓഫീസർ ഉറപ്പാക്കണം. ചികിത്സയുടെ മേൽനോട്ടം നോഡൽ ഓഫീസർ നേരിട്ട് നിരീക്ഷിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകണം..
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിശീലനം, അയക്കൽ, സ്വീകരിക്കൽ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർക്ക് ആരോഗ്യപരിരക്ഷക്കും പ്രഥമചികിത്സക്കുമുള്ള സഹായങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇവിടങ്ങളിൽ മെഡിക്കൽ, പാരാ മെഡിക്കൽ സ്റ്റാഫുകൾക്കൊപ്പം ആംബുലൻസും വിന്യസിച്ചു. ജില്ലയിലെ എല്ലാ സർക്കാർ,സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം ചേർന്ന് അടിയന്തര സാഹചര്യങ്ങളിൽ ഡ്യൂട്ടി സമയത്ത് പോളിങ് ഉദ്യോഗസ്ഥർക്ക് സാദ്ധ്യമായ എല്ലാ സഹായവും നൽകാനും കളക്ടർ നിർദ്ദേശിച്ചു.