തൊടുപുഴ: കരിങ്കുന്നം ഇല്ലിചാരി, ഒറ്റല്ലൂർ ഭാഗത്ത് വീണ്ടും പുലിയെന്ന് കരുതുന്ന അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാർ. അജ്ഞാത ജീവി പുലി തന്നെയാണെന്ന് പ്രദേശവാസികൾ ഉറപ്പിച്ചു പറയുന്നു. ഇന്നലെ രാവിലെ മലയപറമ്പിൽ സാബുവിന്റെ മകൾ അമ്മുവാണ് പുലിയുമായി സാമ്യമുള്ള അജ്ഞാത ജീവിയെ കണ്ടത്. രാവിലെ ടാങ്കിലെ വെള്ളം നോക്കാൻ പുരയിടത്തിലേക്ക് ഇറങ്ങിയപ്പോഴാണ് അജ്ഞാത ജീവി പോകുന്നത് കണ്ടത്. ഭയന്നു നിലവിളിച്ച് ഓടിയ പെൺകുട്ടി വീട്ടിൽ വിവരം പറഞ്ഞതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ പരിശോധിച്ചു. ഒറ്റല്ലൂർ ചക്കി അല്ലുമല ക്ഷേത്രത്തിനു സമീപം കണ്ട കാൽപ്പാടുകൾ സ്ഥിരീകരിക്കുന്നതിനായി ഇവയുടെ അളവ് ശേഖരിച്ചു. ഇത് വിശദമായ പരിശോധന നടത്തും. കൂടാതെ പ്രദേശത്ത് നിരീക്ഷണ കാമറയും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസിന്റെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും വനംവകുപ്പ് അധികൃതരും ചേർന്നാണ് പ്രദേശത്ത് പരിശോധന നടത്തിയത്. ഒരു മാസത്തോളമായി കരിങ്കുന്നം പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെടുന്ന ഇല്ലിചാരി മേഖലയിൽ പുലിയ്ക്കു സമാനമായ അജ്ഞാത ജീവിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഒട്ടേറെ ആടുകളും വളർത്തു നായ്ക്കളും ഇതിന്റെ ആക്രമണത്തിനിരയായി. മൃഗങ്ങളെ കൊന്നതിനു ശേഷം തല ഒഴിച്ചുള്ള ഭാഗങ്ങൾ ഭക്ഷിക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം ഒരു കുറുക്കനെയും ഇതേ രീതിയിൽ കൊന്നു തിന്ന നിലയിൽ കണ്ടെത്തി. വലിയ നായ്ക്കളെയും ആടുകളെയുമാണ് അജ്ഞാത ജിവി കൊന്നത്. അതിനാൽ ഇത് പൂച്ചപ്പുലിയല്ലെന്ന നിഗമനത്തിലാണ് പ്രദേശവാസികൾ. വനംവകുപ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ആളുകൾക്ക് ഭീതി കൂടാതെ കഴിയാനുള്ള സാഹചര്യമൊരുക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.