
വീട്ടമ്മയും കുട്ടികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കുമളി: ഒട്ടകത്തലമേട്ടിലെ വീടിനു മുൻപിൽ എത്തിയ കരടിയിൽ നിന്നും വീട്ടമ്മയും മൂന്ന് കുട്ടികളും രക്ഷപ്പെട്ടു.
കുമളി ഒട്ടകത്തലമേട്ട് കാണക്കാരിയിൽ അനൂപിന്റെ ഭാര്യ ലതികയും കുട്ടികളുമാണ് വീട്ടുമുറ്റത്തെത്തിയ കരടിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. രാവിലെ ഉറക്കമുണർന്ന് വീടിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് മുറ്റത്ത് നിന്നിരുന്ന കരടിയുടെ മുമ്പിൽ പെട്ടത്. കരടി ഇവർക്ക് നേരേ തിരിഞ്ഞപ്പോൾ
ഒരു നിമിഷം പതറിയെങ്കിലും ലതിക കുട്ടികളെയുമായി വീടിനുള്ളിൽ ചാടി കയറി വാതിൽ അടയ്ക്കുകയായിരുന്നു.
ലതികയുടെ വീട്ടിൽ നിന്നും സമീപത്തുള്ള പോബ്‌സൺമേട്ടിലേയ്ക്കാണ് കരടി പോയതെന്ന് ഇവർ പറയുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കുമളി വനം വകുപ്പ് റേഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കരടിയുടെ സാന്നിദ്ധ്യം ഉറപ്പിച്ചു. വനപാലകർ കൊണ്ടുവന്ന ക്യാമറ ട്രാപ്പ് ഒട്ടകത്തലമേട് കുരിശുമല ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി ജനസഞ്ചാരം കൂടിയ മേഖലയായതിനാൽ കരടി വരാൻ സാധ്യതയില്ലന്ന് നാട്ടുകാർ പറയുന്നു
. സ്പ്രിങ് വാലിയിൽ കാട്ട് പോത്ത് കർഷകനെ വെട്ടി പരുക്കേൽപ്പിച്ച സംഭവം കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഉണ്ടായത്. പെരിയാർ കടുവാ സങ്കേതത്തിൽ നിന്നും വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത് പ്രദേശവാസികളിൽ കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്.