തൊടുപുഴ: നഗരസഭയുടെ ശാന്തിതീരം ഇലക്ട്രിക് പൊതുശ്മശാനത്തിന്റെ പ്രവർത്തനം നിലച്ചിട്ട് ആറ് ദിവസമാകുന്നു. ശ്മശാനത്തിലെ ഒരു ഫർണസിന്റെ ജനറേറ്ററും ഒരെണ്ണത്തിന്റെ മോട്ടറും ഇടിമിന്നലിൽ തകരാറിലായതോടെ കഴിഞ്ഞ ആറ് ദിവസമായി ശ്മശാനത്തിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. തുടർന്ന് മൃതദേഹം ദഹിപ്പിക്കൽ നടക്കാതെയായതോടെ മറ്റ് സ്ഥലങ്ങളിലെ ശ്മശാനങ്ങളിലേക്ക് കൊണ്ടു പോകേണ്ട അവസ്ഥയിലായി. ജനറേറ്ററിന്റെ തകരാർ പരിഹരിക്കാനുള്ള പണി ഇന്നലെ രാത്രിയും തുടരുകയാണ്. ഇത് പരിഹരിച്ച് ഒരു ഫർണസിന്റെ പ്രവർത്തനം ഇന്ന് പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അതേ സമയം കേടായ മോട്ടോർ അഴിച്ചു കൊണ്ടു പോയിരിക്കുകയാണ്. ഇത് അടുത്ത ദിവസം തന്നെ നന്നാക്കി കൊണ്ടുവന്ന് ശ്മശാനത്തിന്റെ പ്രവർത്തനം പഴയതു പോലെയാക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.