nda
എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടി വട്ടമേട് ആദിവാസിക്കുടിയിലെത്തി രമേശൻ കാണിയെ സന്ദർശിച്ചപ്പോൾ

ചെറുതോണി: വന്യ മൃഗശല്യം പരിഹരിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ വന്യമൃഗ ശല്യം പരിഹരിക്കാൻ എം.പി ഫണ്ടിൽ നിന്ന മുപ്പതും നാൽപതും ശതമാനം തുക മാറ്റിവയ്ക്കുമെന്ന് പറയുന്ന ഇടത് വലത് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനങ്ങൾ വെറും കണ്ണിൽ പൊടിയിടാൻ മാത്രമാണ്. രണ്ടു കൂട്ടരും ഇതിന് മുമ്പും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. സ്വന്തം എം.പി ഫണ്ട് പൂർണ്ണമായി വിനിയോഗിക്കാൻ പോലും സാധിക്കാത്തവർ ഇനിയും വിജയിച്ചാൽ സാധിക്കുമെന്നു പറയുന്നത് ഇടുക്കിയിലെ ജനങ്ങൾ മുഖവിലയ്ക്ക് എടുക്കില്ല. കേന്ദ്രം നൽകുന്ന പണം യഥാവിധി വിനിയോഗിച്ച് കൂടുതൽ പദ്ധതികൾ സമർപ്പിച്ചിരുന്നെങ്കിൽ കൂടുതൽ പണം അനുവദിക്കുന്നതിന് കേന്ദ്രം തയ്യാറാണ്. ഇതൊന്നും ചെയ്യാത്തവർ തിരഞ്ഞെടുപ്പിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണ്.
ചെറുതോണി ജില്ലാ വ്യാപാരഭവനിൽ നടന്ന എൻ.ഡി.എ ഇടുക്കി നിയോജകമണ്ഡലം കൺവെൻഷൻ ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.എ വേലു കുട്ടൻ ഉദ്ഘാടനം ചെയ്തു.
ബി.ഡി.ജെ.എസ് ജില്ലാ അദ്ധ്യക്ഷൻ പ്രതീഷ് പ്രഭ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എൻ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.