ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നേറുന്ന ഇടതുമുന്നണിക്കും ജോയ്സ് ജോർജ്ജിനും പുതുഊർജ്ജമേകി മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനം. ഇന്നലെ രാവിലെ കോതമംഗലത്തും രാജാക്കാടും കട്ടപ്പനയിലുമാണ് മുഖ്യമന്ത്രി പൊതുയോഗങ്ങളിൽ പങ്കെടുത്തത്. കേരളത്തിന് അർഹതപ്പെട്ട പണം നൽകാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാരിനെ അനുകൂലിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. വന്യമൃഗ ആക്രമണം തടയാൻ സംസ്ഥാന സർക്കാർ സമർപ്പിച്ച പാക്കേജ് കേന്ദ്രസർക്കാർ തള്ളിക്കളഞ്ഞു. കേരളത്തിലെ ക്ഷേമ പെൻഷൻ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. സംസ്ഥാനത്തിന് അർഹതപ്പെട്ട പണം നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ല. ഇക്കാര്യത്തിൽ കോൺഗ്രസുകാർ ബി.ജെ.പിക്ക് ഒപ്പമാണ്.
വന്യമൃഗ ആക്രമണം തടയാൻ സംസ്ഥാന സർക്കാർ സമർപ്പിച്ച പാക്കേജ് കേന്ദ്രസർക്കാർ തള്ളിക്കളഞ്ഞു. ഇപ്പോഴത്തെ വന നിയമം മാറ്റണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ 18 യു.ഡി.എഫ് എം.പിമാരുടെയും ശബ്ദം ലോക്സഭയിൽ ഉയർന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. കട്ടപ്പനയിൽ നടത്തിയ യോഗത്തിൽ ഷാജി കാഞ്ഞമല അദ്ധ്യക്ഷനായിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ.എമാരായ എം.എം. മണി, വാഴൂർ സോമൻ,​ എൽ.ഡി.എഫ് നേതാക്കളായ സി.വി. വർഗ്ഗീസ്, കെ. സലീംകുമാർ, അനിൽ കൂവപ്ലാക്കൽ, റോമിയോ സെബാസ്റ്റ്യൻ, പി.എസ്. രാജൻ, ജോസ് ഞായർകുളം, കോയ അമ്പാട്ട്, ജോണി ചെരുവുപറമ്പിൽ എന്നിവർ പങ്കെടുത്തു.