കട്ടപ്പന: നരിയംപാറയിൽ നിയന്ത്രണം നഷ്ടമായ കാർ വീടിന് മുറ്റത്തേക്ക് മറിഞ്ഞ് യുവതിക്ക് പരിക്കേറ്റു. എറണാകുളം പുത്തൻപുരയ്ക്കൽ രമ്യ ബാബുവിനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ നരിയംപാറ ഓർത്തഡോക്‌സ് പള്ളിയുടെ സമീപത്താണ് അപകടം നടന്നത്. എറണാകുളം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിനരികിലെ വീടിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ മറ്റ് മൂന്ന് പേരുണ്ടായിരുന്നെങ്കിലും ഇവർക്ക് കാര്യമായ പരിക്കേറ്റില്ല. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. തലകീഴായി മറിഞ്ഞ കാർ ഭാഗികമായി തകർന്നു. വീടിന്റെ മതിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ ഭാഗത്തെ ഹൈവേ നിർമ്മാണം പൂർത്തിയായതോടെ അമിത വേഗത്തിലാണ് ബസുകൾ അടക്കമുള്ള വാഹനങ്ങൾ സഞ്ചരിക്കുന്നത്.