ഇടുക്കി: ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് പത്ത് ചോദ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്.

1. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി മുഖ്യമന്ത്രി കട്ടപ്പനയിൽ പ്രഖ്യാപിച്ച 12000 കോടി രൂപയുടെ ഇടുക്കി പാക്കേജിൽ ഇതുവരെ എത്ര രൂപ അനുവദിച്ചു.? എത്ര രൂപ ചിലവഴിച്ചു.?

2. ജില്ലയുമായി ബന്ധപ്പെട്ട കേസുകളിൽ കോടതികളിൽ നിന്ന് നിരന്തരം തിരിച്ചടി നേരിടുന്നത് എന്തുകൊണ്ടാണ്.? കോടതിയിൽ ജനങ്ങളുടെ താത്പര്യം എന്തുകൊണ്ട് സർക്കാർ സംരക്ഷിക്കുന്നില്ല.?

3. കൈയേറ്റ ഭൂമിക്ക് സർക്കാർ പട്ടയം നൽകിയിട്ടില്ലെന്നും കൈയേറ്റ ഭൂമിയുടെ പട്ടയം വ്യാജമായി ഉണ്ടാക്കിയതാണെന്നും ഇത്തരം പട്ടയങ്ങൾ പരിശോധിച്ച് റദ്ദ് ചെയ്തിട്ടുണ്ടെന്നും തുടർ പരിശോധന നടത്തി വ്യാജ പട്ടയങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും സത്യവാങ്മൂലം നൽകിയാൽ പട്ടയവിതരണത്തിനുള്ള സ്റ്റേ മാറുമെന്നിരിക്കെ എന്തുകൊണ്ട് സർക്കാർ ഇത് ചെയ്യുന്നില്ല.? ഇത് ആരുടെ കൈയേറ്റം മറച്ചു വെക്കാനാണ്.?

4. 22/8/2019 ലെ നിർമ്മാണ നിരോധന ഉത്തരവ് റദ്ദ് ചെയ്യുമോ.? സർക്കാരിന്റെ ഭൂപതിവ് നിയഭേദഗതി പ്രകാരം വീട് ഒഴികെയുള്ള നിർമ്മാണങ്ങൾ ക്രമവത്കരിക്കുന്നതിന് ഫീസ് ഈടാക്കില്ലെന്ന് ജില്ലയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകാൻ മുഖ്യമന്ത്രി തയ്യാറാകുമോ.?

5. തോപ്രാംകുടി, കല്ലാർകുട്ടി, കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ വില്ലേജുകളിലെ പട്ടയപ്രശ്‌നം പരിഹരിക്കാൻ സർക്കാർ എന്ത് ചെയ്തു.? ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാൻ ഏത് അളവ് വരെയുള്ള കെട്ടിടങ്ങൾക്ക് പട്ടയം നൽകാമെന്ന് വ്യക്തത വരുത്തി സർക്കാർ ഉത്തരവ് ഇറക്കിയോ.?

6. മതികെട്ടാനിൽ ജനവാസമേഖലകൾ ഉൾപ്പെടെ ഒരു കിലോമീറ്റർ ബഫർ സോണിന്റെ പരിധിയിലാക്കി ഇറക്കിയ അന്തിമ വിഞ്ജാപനം പുനഃപരിശോധിക്കാൻ എന്തുകൊണ്ട് സർക്കാർ നടപടി സ്വീകരിച്ചില്ല.?

7. വന്യജീവി ശല്യം തടയാനുള്ള നടപടികൾ സ്വീകരിക്കാത്തത് എന്തുകൊണ്ട്.?

8. ചെങ്കുളത്തും ചിന്നക്കനാലിലും കൃഷി ഭൂമിയുൾപ്പെടെ 1117 എക്കർ റിസർവ് ഫോറസ്റ്റായി ഇറക്കിയ നോട്ടീഫിക്കേഷൻ റദ്ദ് ചെയ്യാൻ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല.?

9. ഏലം പട്ടയഭൂമിയിൽ ഒരു നിർമ്മാണങ്ങൾക്കും അനുമതി നൽകാൻ പാടില്ലെന്ന 19/11/2019 ലെ ഉത്തരവ് റദ്ദ് ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കുമോ? സി.എച്ച്.ആർ റിസർവ് ഫോറസ്റ്റ് ആക്കാനുള്ള നീക്കം തടയാൻ സർക്കാർ എന്ത് നടപടി സ്വീകരിച്ചു?

10. ഒരു പഠനവും നടത്താതെ ദുരിത നിവാരണ നിയമപ്രകാരം 13 പഞ്ചായത്തുകളിൽ നിർമ്മാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഇറക്കിയ ഉത്തരവ് റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കുമോ?