accident

രാജാക്കാട്: രാജാക്കാടിന് സമീപം മുല്ലക്കാനത്ത് സാൻജോ കോളേജിന് സമീപം ടിപ്പറിന് മുകളിലേക്ക് വൻമരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മുല്ലക്കാനം- എല്ലക്കൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓടിക്കൊണ്ടിരുന്ന ടിപ്പറിലേക്കും സമീപത്തെ വീടിന്റെ മുറ്റത്തേക്കുമായാണ് വൻഇലവ് മരം കടപുഴകി വീണത്. തൊട്ടടുത്ത വീട്ടിൽ വെള്ളം കുടിക്കാനായി വന്ന കോളേജ് വിദ്യാർത്ഥികളും ടിപ്പർ ഡ്രൈവർ ബിജുവും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കാലങ്ങളായി ഉണങ്ങി ദ്രവിച്ച് റോഡ് വക്കത്ത് നിൽക്കുന്ന മരം വെട്ടിമാറ്റണമെന്ന് നിരന്തരമായി വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
ഇപ്പോൾ നിലംപൊത്തിയ മരത്തിന് 300 ഇഞ്ച് വണ്ണമുണ്ടെന്നും ഇതുപോലെ നിരവധിമരങ്ങൾ റോഡരികിൽ ഭീഷണിയായി നിൽപുണ്ടെന്നും നാട്ടുകാർ പറഞ്ഞു. 11 കെ.വി ലൈനിന്റെ മുകളിലേക്ക് മരം വീണതിനാൽ കമ്പികൾ പൊട്ടി മണിക്കൂറുകളോളം വൈദ്യുതി വിതരണവും നിലച്ചു. നാട്ടുകാരെത്തി മണ്ണുമാന്തിയെന്ത്രത്തിന്റെ സഹാത്തോടെ മരം വലിച്ച് മാറ്റിയാണ് ഗതാഗത തടസ്സം മാറ്റിയത്. ഇനിയും അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റി അപകടങ്ങൾ ഒഴിവാക്കുന്നതിന് ജില്ലാ കളക്ടർ മുൻകൈയെടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് മെമ്പർ ബെന്നി പാലക്കാട്ട് ആവശ്യപ്പെട്ടു.