തൊടുപുഴ: ജില്ലയിലെ പ്രധാന കെ.എസ്.ആർ.ടി.സി ഡിപ്പോയായ തൊടുപുഴയിൽ നിന്ന് ബസ് സർവീസ് മുടങ്ങുന്നത് പതിവാകുന്നു. ആവശ്യത്തിന് ബസുകൾ ഇല്ലെന്ന കാരണം പറഞ്ഞാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന വേനലവധി സമയത്തും സർവീസുകൾ മുടക്കുന്നത്. തൊടുപുഴയിൽ നിന്ന് രാവിലെ 6.50ന് പുറപ്പെടുന്ന എറണാകുളത്തേക്കുള്ള എ.സി ബസ് മുടക്കുന്നത് മൂലം കോർപ്പറേഷന് ഭീമമായ വരുമാനം നഷ്ടമാണ് ഉണ്ടാകുന്നത്. ദിവസേന മുപ്പതിനായിരത്തിലേറെ രൂപ വരുമാനം ലഭിക്കുന്ന ഈ ബസ് മുടക്കുന്നത് മൂലം ഇതിലെ സ്ഥിരം യാത്രക്കാർക്ക് മറ്റു യാത്രാ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരികയാണ്. കൂടാതെ വൈക്കം വഴിയുള്ള രണ്ട് സർവീസുകൾ, ചേലച്ചുവട് വഴിയുള്ള രണ്ട് സർവീസുകൾ, കട്ടപ്പനയ്ക്കുള്ള ടൗൺ ടു ടൗൺ സർവീസ്, എറണാകുളം വഴിയും തൃശ്ശൂർ വഴിയുമുള്ള ഫാസ്റ്റ് പാസഞ്ചർ ബസുകൾ എന്നിവയും പതിവായി മുടങ്ങുന്നുണ്ട്. തൊടുപുഴ ഡിപ്പോയിലെ ഉദ്യോഗസ്ഥരുടെ അലംഭാവമാണ് പതിവായി സർവീസ് മുടക്കത്തിന് കാരണമെന്നാണ് യാത്രക്കാർ ആക്ഷേപിക്കുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാണെങ്കിലും പ്രശ്‌നം പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ഈ നടപടി തുടർന്നാൽ ഉന്നത അധികാരികളെ സമീപിക്കാൻ ഒരുങ്ങുകയാണ് യാത്രക്കാർ.