തൊടുപുഴ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രസിദ്ധമായ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി.
ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം തന്ത്രിമുഖ്യൻ ആമല്ലൂർ കാവനാട് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു തൃക്കൊടിയേറ്റ്. ഇനിയുള്ള ഒമ്പത് ദിനങ്ങൾ തൊടുപുഴ നഗരം അമ്പാടിയായി മാറും. 14 വരെ ഭക്തജനങ്ങൾക്ക് കണ്ണനെ കൺനിറയെ കാണാം. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി എല്ലാ ദിവസവും ദീപാരാധനയ്ക്കു ശേഷം അന്നദാനം ഉണ്ടാകും. അഞ്ഞൂറിലധികം കലാകാരന്മാർ 10 ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ സ്റ്റേജിൽ അണിനിരക്കും. കേരളത്തിൽ അറിയപ്പെടുന്ന മൂന്ന് ഗജവീരന്മാർ അണിനിരക്കുന്ന പത്ത് ദിവസത്തെ തിരുവുത്സവ ആഘോഷം 13ന് ആറാട്ടോടെ സമാപിക്കും.
ഇന്നലെ രാവിലെ 8.30ന് സംഗീതാർച്ചന, 12.30ന് തിരവോണഊട്ട്, 6.30ന് ദീപാരാധനയ്ക്ക് ശേഷം ബലിക്കൽപ്പുര നമസ്‌കാരം, ഭഗവാന് നെയ്ക്കിണ്ടി സമർപ്പണം, അത്താഴപൂജ, അത്താഴശീവേലി, ശ്രീഭുതബലി, പ്രസാദഊട്ട്, കൈകൊട്ടിക്കളി, ഡാൻസ്, തിരുവാതിര, ഭക്തിഗാനമേള എന്നിവ നടന്നു.
ഉത്സവത്തിൽ ഇന്ന്
രാവിലെ ഒമ്പത് മുതൽ 12 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, ഒന്നിന് പ്രസാദഊട്ട്, ചാക്യാർകൂത്ത്, 4.30 മുതൽ 6.30 വരെ കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, ശേഷം പ്രസാദഊട്ട്, കൊടിപ്പുറത്ത് വിളക്ക്, ഭക്തിപ്രഭാഷണം, ഭക്തിഗാനസുധ.