തൊടുപുഴ: അന്യസംസ്ഥാന തൊഴിലാളികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഭയാനകമാംവിധം വർദ്ധിച്ചിട്ടും ഇവരുടെ കൃത്യമായ വിവരം ഇപ്പോഴും പൊലീസിന്റെയോ തൊഴിൽ വകുപ്പിന്റെയോ പക്കലില്ല. 25,000 അന്യസംസ്ഥാന തൊഴിലാളികൾ ജില്ലയിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്തേണ്ടതും വിവരങ്ങൾ ശേഖരിക്കണ്ടതും ലേബർ വകുപ്പാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് തലയൂരുമ്പോൾ ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് പൊലീസ് വിവരങ്ങൾ ശേഖരിച്ചാലേ കാര്യമുള്ളൂവെന്നാണ് തൊഴിൽ വകുപ്പ് പറയുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ പതിവായി സന്ദർശിക്കാനും തൊഴിലുടമകളുമായും കരാറുകാരുമായും നല്ല ബന്ധം പുലർത്താനും ഡിവൈ.എസ്.പിമാർക്കും സ്റ്റേഷൻ മേധാവികൾക്കും പൊലീസ് ആസ്ഥാനത്തു നിന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും അതും നടക്കുന്നില്ല. മറ്റ് ജില്ലകളിലെന്ന പോലെ ഒരു പതിറ്റാണ്ട് മുമ്പാണ് ഇടുക്കിയിലേക്കുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ വരവിന്റെ തുടക്കം. പശ്ചിമബംഗാളിൽ നിന്നുള്ളവരുടെ വരവ് വർദ്ധിച്ചതിന് പിന്നാലെ യു.പി, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, അസം എന്നിവിടങ്ങളിൽ നിന്നും തൊഴിലാളികൾ കൂട്ടമായെത്തി തുടങ്ങിയതോടെ മലയോര ജില്ലയും കുടിയേറ്റ തൊഴിലാളികളുടെ ഇടമായി മാറി. തോട്ടംമേഖലകളിലടക്കം ജില്ലയിലെ തൊഴിലാളി ക്ഷാമത്തിന് ഇവരുടെ വരവ് ഗുണകരമായെങ്കിലും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെയും പുകയില ഉത്പന്നങ്ങളുടെയും കടത്തും വിൽപനയും ഇവരുൾപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളും ഇതോടെ പെരുകി. തൊഴിലാളി ക്യാമ്പുകളിൽ ഇവർ പരസ്പരമുള്ള ഏറ്റുമുട്ടലുകളും കൊലപാതകങ്ങളുമായിരുന്നു തുടക്കമെങ്കിൽ പിന്നീട് കവർച്ചയ്ക്കും മറ്റുമായി തൊഴിലുടമയുൾപ്പെടെയുള്ളവരെ അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് പതിവായി. തീവ്രമനോഭാവക്കാരായി ഇവർക്കിടയിലുള്ള ചിലരാണ് കൊടുംകുറ്റകൃത്യങ്ങൾക്ക് പിന്നിലുള്ളത്. എന്നാൽ ഇവരെ നിരീക്ഷിക്കുന്ന കാര്യത്തിൽ പൊലീസ് പലപ്പോഴും ജാഗ്രത കാട്ടാറില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കുപോലും പൊലീസിന്റെ പക്കലില്ല. ഇവരുൾപ്പെട്ട കുറ്റകൃത്യങ്ങളിൽ പരാതികളുമായി പൊലീസ് സ്റ്റേഷനുകളിൽ എത്തിയാൽ കഴിവതും കേസെടുക്കാതെ ഒത്തുതീർപ്പാക്കാനാണ് പൊലീസിനും ഉത്സാഹം. കേസിലെ പ്രതിയോ ജാമ്യക്കാരോ മുങ്ങിയാൽ തിരക്കി നടക്കുന്നതിന്റെ പൊല്ലാപ്പ് ഒഴിവാക്കാനാണ് ഒത്തുതീർപ്പ് തന്ത്രം. ലേബർ വകുപ്പ് അപ്നാ ഘർ എന്ന പേരിൽ ഇവർക്ക് പുനരധിവാസ പദ്ധതി ആവിഷ്‌കരിച്ച് പാലക്കാടും കോഴിക്കോടും ഫ്ലാറ്റ് സമുച്ചയും നിർമ്മിച്ചെങ്കിലും മറ്റ് ജില്ലകളിലേക്ക് വ്യാപിച്ചില്ല.

വ്യാജ തിരിച്ചറിയൽ കാർഡ്

തൊഴിലാളികൾ എന്ന വ്യാജേന കുറ്റകൃത്യം ലക്ഷ്യമിട്ട് എത്തുന്ന അന്യസംസ്ഥാനക്കാരുടെ പക്കൽ പലപ്പോഴും ഉണ്ടാവുക വ്യാജ തിരിച്ചറിയൽ കാർഡാണ്. കാര്യമായ പരിശോധനയില്ലാത്തതിനാൽ ഇത്തരക്കാരെ കണ്ടെത്താൻ കഴിയാറില്ല. വ്യാജ കാർഡുകൾ ഉണ്ടാക്കിക്കൊടുക്കുന്ന ഏജൻസികൾ ചില സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്ന വിവരവുമുണ്ട്.

കൂട്ടത്തിൽ ബംഗ്ലാദേശികളും

അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ കർശനമായ പരിശോധന നടക്കാറില്ലാത്തതിനാൽ ക്രിമിനൽ സംഘങ്ങൾക്കുൾപ്പെടെ തമ്പടിക്കാനുള്ള കേന്ദ്രമായി ഇതിൽ പലതും മാറിയിട്ടുണ്ട്. വ്യക്തമായ തിരിച്ചറിയൽ രേഖകളില്ലാതെ ബംഗ്ലാദേശികളും ഇവിടെ എത്താറുണ്ടെന്നാണ് വിവരം. പരിശോധനകൾ നടക്കാറില്ലാത്തതിനാൽ ഇവരുടെ ഉൾപ്പെടെ ക്രിമിനൽ പശ്ചാത്തലം അറിയാനുമാവുന്നില്ല. കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കൾ ഇവരുടെ ഇടയിൽ വ്യാപകമാണെന്ന പരാതിയുമുണ്ട്.